ബയോ മെഡിക്കൽ മാലിന്യം: ഉത്തരവ്​ പാലിക്കാത്തത്​ സംസ്കരണത്തെ ബാധിക്കുന്നുവെന്ന്​​ പി.സി.ബി

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിന്​ ജില്ല തിരിച്ച്​ ഇറക്കിയ ഉത്തരവ്​ പാലിക്കാത്തത്​ സംസ്കരണത്തെ ബാധിക്കുന്നതായി​ മലിനീകരണ നിയന്ത്രണ ബോർഡ്​. അമ്പലമേട്​ കേരള എൻവിറോ ഇൻഫ്രാസ്​ട്രക്​ചർ ലിമിറ്റഡ്​ (കീൽ) പ്ലാന്‍റിന്‍റെ ശേഷിക്ക്​ അനുസൃതമായി മാലിന്യം സംസ്കരിക്കാനാകുന്നില്ല. അതേസമയം, ഐ.എം.എ നേതൃത്വത്തിൽ പാലക്കാട്​ ഇമേജ്​ പ്ലാന്‍റിൽ മാലിന്യം കെട്ടിക്കിടക്കുന്നതായും ദേശീയ ഹരിത ​?ട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിലെ പരിശോധനയിൽ ഇമേജിൽ പ്രതിദിനം 9.3 ടൺ കോവിഡ്​ മെഡിക്കൽ മാലിന്യവും 43 ടൺ ഇതര മാലിന്യവും​ ഉൾപ്പെടെ 52.3 ടൺ മാലിന്യമാണ്​ സംസ്​കരിച്ചത്​. 55.8 ടൺ സംസ്കരണ ശേഷിയുള്ള ഇമേജിൽ 93 ശതമാനം ശേഷിയും ഉപയോഗിച്ചു. അതേസമയം, കീലിൽ പ്രതിദിനം മൊത്തം 7.7 ടൺ മാലിന്യമാണ്​ സംസ്കരിച്ചത്​. 16 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്‍റിന്‍റെ 48 ശതമാനം മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. പി.സി.ബി ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം മൂന്നുതവണ ഇമേജിൽ നടത്തിയ പരിശോധനയിൽ ബയോ മെഡിക്കൽ മാലിന്യം നിറച്ച മഞ്ഞക്കവറുകൾ കുന്നുകൂടിയത്​ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന്​ വിവിധ ജില്ലകൾ വേർതിരിച്ച്​ മാലിന്യം ഇമേജിലേക്കും കീലിലേക്കുമായി സംസ്കരണത്തിന്​ എത്തിക്കാൻ സർക്കാർ നിർദേശപ്രകാരം പി.സി.ബി ഉത്തരവിറക്കി. 2021 സെപ്​റ്റംബർ ഒന്നുമുതൽ ഇത്​ നടപ്പാക്കാനും നിർദേശിച്ചു. എന്നാൽ, ജില്ലകൾ വേർതിരിച്ചുനൽകിയ ഉത്തരവിന്​ എതിരെ ഇമേജും വിവിധ സ്വകാര്യ ആശുപത്രികളും കോടതികളെ സമീപിച്ചിട്ടുണ്ട്​. ഉത്തരവ്​ നടപ്പാക്കിയിരുന്നെങ്കിൽ മാലിന്യം കുന്നുകൂടുന്ന അവസ്ഥ ഒഴിവാക്കാനാകുമായിരുന്നുവെന്നും റി​പ്പോർട്ട്​ വ്യക്​തമാക്കി. മഞ്ഞ കവറുകളിലായി സൂക്ഷിച്ച ബയോ മെഡിക്കൽ മാലിന്യത്തിന്​ ഇക്കഴിഞ്ഞ ജനുവരി 16ന്​ ഇമേജിൽ ഉണ്ടായ വൻ തോതിൽ തീപടർന്നു. പത്തുദിവസങ്ങൾക്ക്​ ശേഷമാണ്​ തീയും പുകയും പൂർണമായി അണക്കാനായത്​. എല്ലാ ജില്ലകളിൽ നിന്നുമുള്ള ബയോ മെഡിക്കൽ മാലിന്യം സ്വീകരിക്കുന്നതാണ്​ കെട്ടിക്കിടക്കാൻ കാരണം. കോവിഡ്​ ഒന്നാം തരംഗം മുതൽ വൻതോതിൽ മാലിന്യം​ കെട്ടിക്കിടക്കുകയാണ്​​. ജില്ലകൾ വേർതിരിച്ച്​ ഇരുകേന്ദ്രങ്ങൾക്കും മാലിന്യം കൈമാറണമെന്നും കൂടുതൽ സംസ്കരണ പ്ലാന്‍റുകൾ വേ​ണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.