ചാത്തമ്മ ദ്വീപിലെ കൈയേറ്റം: അളക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങി

(പടം) മരട്: ചാത്തമ്മ ദ്വീപിലെ അനധികൃത കൈയേറ്റം അളക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. കുമ്പളം പഞ്ചായത്തിലെ ദ്വീപായ ചാത്തമ്മയില്‍ ആറാം വാര്‍ഡിലാണ് വേമ്പനാട്ട് കായലും കൈതപ്പുഴ കായലും സന്ധിക്കുന്ന ഭാഗം കൈയേറിയത്. ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായ തരത്തില്‍ 90 സെന്റോളം കൈയേറിയിട്ടുണ്ട്. ചാത്തമ്മയിലെ അനധികൃത കൈയേറ്റത്തെക്കുറിച്ച് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് കണയന്നൂര്‍ താലൂക്ക് സർവേയര്‍, കുമ്പളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അളന്ന് അതിര്‍ത്തി നിര്‍ണയിക്കാനെത്തിയത്. ചാത്തമ്മയിലെ എം.പി.എസ്. കോണ്‍വെന്റ് മദര്‍ സുപ്പീരിയറുടെ പേരിലാണ് രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കോണ്‍വെന്റിന് അനുകൂലമായി അളന്ന് തിട്ടപ്പെടുത്തി നല്‍കാനാണ് അധികൃതരുടെ ശ്രമമെന്നാരോപിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞാല്‍ അവിടെ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് കുറ്റിയും സ്ലാബും കോണ്‍വെന്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. കൈയേറ്റം കണ്ടെത്താന്‍ എത്തിയതാണെന്നും കോണ്‍വെന്റിന്​ വേണ്ടി അളക്കാന്‍ വന്നതല്ലെന്നും അധികൃതര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ മടങ്ങിപ്പോവുകയായിരുന്നു. വള്ളങ്ങളില്‍ എത്തിയ തൊഴിലാളികള്‍ കായലിന് നടുവില്‍ അനധികൃതമായി സ്ഥാപിച്ച കുറ്റിയില്‍ കൊടി നാട്ടി സമരത്തിന് തുടക്കം കുറിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. രഘുവരന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ നേതാക്കളായ കുമ്പളം രാജപ്പന്‍, വി.ഒ. ജോണി, പി.ആര്‍. തങ്കപ്പന്‍, എന്‍.കെ. ഉണ്ണികൃഷ്ണന്‍, എന്‍.എം. ശിവദാസന്‍, കെ.കെ. മോഹനന്‍, കെ.ആര്‍. സനീഷ്, കെ.എ. രാജേഷ്, എ.കെ. പുഷ്പാംഗദന്‍, പി.എക്‌സ്. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി EC-TPRA-1 Chathamma അനധികൃതമായി കായലില്‍ സ്ഥാപിച്ചിരിക്കുന്ന കുറ്റിയില്‍ മത്സ്യത്തൊഴിലാളികള്‍ കൊടി നാട്ടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.