ജോലി വാഗ്​ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് മുടങ്ങി

ചേർത്തല: പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിക്കുമേൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയായ യുവതിയുമായുള്ള തെളിവെടുപ്പ്​ മുടങ്ങി. പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ട പ്രധാന പ്രതി ഇന്ദു (സാറ -35) കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് ഇവരെ മജിസ്‌ട്രേറ്റിന്​ മുന്നിൽ ഓൺലൈനായി ഹാജരാക്കി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പരിശോധിക്കുന്ന ഡോക്ടറുടെയും നിർദേശം പാലിച്ചാണ് നടപടി. നേരത്തേതന്നെ ഇവർ മാനസിക പ്രശ്‌നങ്ങൾക്ക് മരുന്നുകഴിച്ചിരുന്നതായി പൊലീസിന്​ മൊഴി നൽകിയിരുന്നു. ഇതിന്‍റെ സാഹചര്യത്തിൽ കസ്റ്റഡിയിൽ കിട്ടി ആദ്യദിനത്തിൽ തിരുവനന്തപുരത്ത് ഇവരെ പരിശോധിച്ചിരുന്നതായി പറയുന്നു. ഡോക്ടറുടെ മുന്നിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെ മുതലാണ് ഇവർ അസ്വസ്ഥത കാട്ടിത്തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് കോടതിയെ അറിയിച്ച് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയത്. പൊതുമേഖല സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ്​ സ്‌കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറേ തട്ടിയ കേസിലെ പ്രധാന സൂത്രധാരിയായ തിരുവനന്തപുരം ജെ.എം അപ്പാർട്​മെന്‍റിൽ രണ്ട് ഡി ഫ്ലാറ്റിൽ ഇന്ദു (സാറ-35) വിനെയും ഇടനിലക്കാരനായിരുന്ന ചേർത്തല നഗരസഭ 35ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറിനെയും (53) കഴിഞ്ഞയാഴ്ചയാണ് ചേർത്തല പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച തിരികെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഇന്ദു ആശുപത്രിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.