കാലിക്കറ്റിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന്​​ ഹൈകോടതിയുടെ സ്​റ്റേ

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ്​ തീരുമാനം​ ഹൈകോടതി സ്​റ്റേ ചെയ്​തു. കരാർ, ദിവസ വേതനക്കാരായ താൽക്കാലികക്കാരെ സ്​ഥിരപ്പെടുത്താനുള്ള 2020 ഡിസംബറിലെ തീരുമാനവും ഉത്തരവുമാണ്​ ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ പി. ഗോപിനാഥ്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ സ്​റ്റേ ചെയ്​തത്​. ഇവരിൽ ആരെയെങ്കിലും സ്​ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീരുമാനത്തിന്​ മുമ്പുള്ള രീതിയിൽ തന്നെയാവും സർവിസിൽ തുടരുകയെന്നും കോടതി വ്യക്​തമാക്കി. സർവകലാശാല നീക്കം ചോദ്യംചെയ്​ത്​ നൽകിയ ഹരജിയിൽ, നടപടി സ്​റ്റേ ചെയ്യാത്ത സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരായ അപ്പീൽ ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. ഹരജി സിംഗിൾ ബെഞ്ച്​ പരിഗണിക്കണമെന്നും ഉടൻ തീർപ്പാക്കാൻ കക്ഷികൾക്ക്​ ആവ​ശ്യപ്പെടാമെന്നും കോടതി വ്യക്​തമാക്കി. സിംഗിൾ ബെഞ്ചി​ൻെറ ഉത്തരവുണ്ടാകുംവരെയാണ്​ സ്​റ്റേ നിലനിൽക്കുക. സർവകലാശാല അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ്​ യോഗം തീരുമാനിച്ചതിനെതിരെ മലപ്പുറം സ്വദേശി എം. പ്രശാന്ത് ഉൾപ്പെടെ നാലുപേരാണ്​ സിംഗിൾ ബെഞ്ചിനെയും പിന്നീട്​ അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചത്​. പി.എസ്​.സി ചട്ടങ്ങളാണ്​ നിയമനത്തിന്​ ബാധകമാക്കേണ്ടതെന്നാണ്​ ഹരജിയിലെ വാദം​. എന്നാൽ, ഡിസംബർ 30ന്​ സിൻഡിക്കേറ്റ്​ തീരുമാനത്തിന്​ പിന്നാലെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡ്രൈവർ തസ്​തികകളിൽ ചില നിയമനങ്ങൾ നടത്തുകയും ചെയ്​തു. ഇവരിലേറെയും ഭരണകക്ഷി അനുകൂലികളും ബന്ധുക്കളുമാണ്​. നിയമനാധികാരി സർക്കാറാണെങ്കിലും രാഷ്​ട്രീയ സ്വാധീനത്താൽ സർവകലാശാലതന്നെ നിയമനം നടത്തുകയാണ്​. മതിയായ യോഗ്യതയില്ലാത്തവരെയും നിയമിച്ചിട്ടുണ്ട്​. പി.എസ്​.സി പ്രത്യേക റൂൾ കൊണ്ടുവന്നിട്ടില്ലെന്നും സർവകലാശാല ചട്ട പ്രകാരംതന്നെ നിയമനം നടത്താമെന്നുമാണ്​ വാദം. എന്നാൽ, ഇത്​ തുല്യ നീതിയു​ടെയും അവകാശത്തി​​ൻെറയും നിഷേധമാണെന്ന്​ ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.