ഏലൂർ ജ്വല്ലറി മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

കളമശ്ശേരി: ഏലൂരിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ജ്വല്ലറിയിലും പ്രതി തങ്ങിയ വീട്ടിലുമെത്തിച്ചാണ്​ തെളിവെടുപ്പ്. അന്വേഷണ ഉദ്യോഗസ്ഥനായ ഏലൂർ സി.ഐ എം. മനോജി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ പ്രതി താമസിച്ച പാതാളത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് കവർച്ച നടത്തിയ ജ്വല്ലറിയിലും കവർച്ചക്ക് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ കടക്കാൻ ഉപയോഗിച്ച ഇരുചക്രവാഹനവും ആലുവയിൽനിന്ന്​ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 28നാണ് പ്രതിയെ പൊലീസ് 15 ദിവസത്തേക്ക് കസ്​റ്റഡിയിൽ വാങ്ങിയത്. നവംബർ 15ന് രാത്രിയിലാണ് ഏലൂർ പൊലീസ് സ്​റ്റേഷന് സമീപം ഫാക്ട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. ജ്വല്ലറിയിൽനിന്ന്​ മൂന്നുകിലോ സ്വർണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും കവർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പ്രതികൾ ചേർന്നാണ് കവർച്ച നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് ഗുജറാത്തിലെ സായനിൽ ലേക്‌ വ്യൂ അപ്പാർട്ട്​മൻെറിൽ ഷെയ്ഖ് ബാബ്ലൂ അടിബറിനെ (37) ബംഗ്ലാദേശ്​ അതിർത്തിയിൽനിന്ന്​ പിടികൂടുകയായിരുന്നു. കവർന്ന ആഭരണങ്ങൾ നാലായി പങ്കിട്ടാണ് പ്രതികൾ മുങ്ങിയത്. 1.13 കിലോ സ്വർണം സൂറത്തിൽനിന്ന്​ പൊലീസ് കണ്ടെടുത്തു. മറ്റ്​ മൂന്നുപേർ ബംഗ്ലാദേശിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. തെളിവെടുപ്പ് പൂർത്തിയായതിനാൽ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.