'നിർഭയം' ആപ്​ ഹിറ്റായി; 'സഹായ സന്ദേശ'ങ്ങളിൽ ആപ്പിലായി പൊലീസ്​

കൊച്ചി: സ്ത്രീ സുരക്ഷക്ക്​ പൊലീസ് തയാറാക്കിയ 'നിർഭയം' മൊബൈൽ ആപ്​ ഹിറ്റായെങ്കിലും ആപ്​ ഡൗൺ ലോഡ്​ ചെയ്തശേഷമുള്ള സഹായ സന്ദേശങ്ങളുടെ പ്രവാഹം പൊലീസിനെ വെട്ടിലാക്കി. ആപ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പല ജില്ലയിലും നടത്തിയ പ്രത്യേക കാമ്പയിന്​​ പിന്നാലെ ഇത്​ ഡൗൺലോഡ്​ ചെയ്തവരിൽനിന്നാണ്​ അവരുടെ അജ്ഞതമൂലം സഹായ സന്ദേശങ്ങൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്​. പ്ലേ സ്റ്റോർ വഴിയാണ്​ ആപ്​ ഡൗൺലോഡ് ചെയ്യേണ്ടത്​. എന്നാൽ, പൊലീസ്​ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ലിങ്ക്​ നൽകിയതോടെ ആപ്പിന്​ വ്യാപക പ്രചാരം ലഭിച്ചു. പൊലീസിന്‍റെ ആപ് ആണെന്നതിനാൽ വ്യാപകമായി സ്​ത്രീകൾ ഡൗൺലോഡ്​ ചെയ്തുതുടങ്ങി. ആപ്പിലെ സഹായ ബട്ടണിൽ അഞ്ച് സെക്കൻഡ് അമർത്തിയാൽ ബന്ധപ്പെട്ട ജില്ല കൺട്രോൾ റൂമുകളിൽ വിവരം ലഭിക്കുന്ന സംവിധാനമാണുള്ളത്​. ആപ്പിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് പൊലീസിന് പരാതിക്കാരിയുടെ അടുത്തേക്ക് വളരെ വേഗം സഹായമെത്തിക്കാൻ കഴിയും. ഫോട്ടോ, വിഡിയോ എന്നിവ ഒറ്റക്ലിക്കിൽ പൊലീസിന് കൈമാറാനും സംവിധാനമുണ്ട്. എന്നാൽ, ഡൗൺലോഡ്​ ചെയ്ത പലരും ഉടൻതന്നെ ബട്ടൺ അമർത്തുന്നതാണ്​ പൊലീസിന്​ വിനയായത്​. പ്രചാരണകാലമായതിനാൽ ആപ്പിൽനിന്ന്​ കൺ​ട്രോൾ റൂമിലേക്ക്​ അജ്ഞതമൂലം തുടർച്ചയായി സന്ദേശങ്ങൾ എത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിനെക്കാൾ വലിയതോതിലാണ്​ ​ലഭിച്ചുകൊണ്ടിരിക്കുന്നത്​. ഡൗൺലോഡ്​ ചെയ്തതിന്‍റെ ഭാഗമായി സംഭവിച്ചതാകുമെന്ന്​ ഉറപ്പുണ്ടെങ്കിലും ഇത്തരം വിവരങ്ങൾ ലഭിച്ചാൽ പൊലീസ്​ അത്​ അവഗണിക്കുന്നില്ല. ഉടൻ ബന്ധപ്പെട്ടവരെ വിളിച്ച്​ അന്വേഷണം നടത്തുന്നുണ്ട്​. ആവശ്യമായവർക്ക്​ സഹായം നൽകുന്നുമുണ്ട്​. ഡൗൺലോഡ്​ ചെയ്തുകഴിഞ്ഞാൽ അത്യാവശ്യ സമയത്ത്​ മാത്രമേ ബട്ടൺ അമർത്താവൂവെന്ന ബോധവത്​കരണം നടത്തിയാണ്​ ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്​. ഒരു ലക്ഷം 'ഡൗൺലോഡ് ചലഞ്ച്' എന്ന പേരിലാണ് കൊച്ചിയിൽ കാമ്പയിൻ നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.