എൽഎൽ.ബി ലക്ഷ്യമിട്ട്​ പ്ലസ്​ ടു കടമ്പ കടക്കാൻ ജോസേട്ടൻ

കോട്ടയം: 'പരീക്ഷ വളരെ എളുപ്പമായിരുന്നു... നന്നായിട്ട്​ എഴുതാൻ സാധിച്ചു...' പരീക്ഷ കഴിഞ്ഞ്​ ഹാളിൽനിന്ന്​ പുറത്തിറങ്ങിയ 70കാരനായ ജോസേട്ടൻ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്​. ഇത്​ കഴിഞ്ഞാൽ ബിരുദവും തുടർന്ന്​ എൽഎൽ.ബിയും നേടുകയെന്നതാണ്​ ഇദ്ദേഹത്തിന്‍റെ സ്വപ്​നം. 76ൽ പത്താം ക്ലാസ്​ പൂർത്തിയാക്കിയ ​തിരുവഞ്ചൂരുകാരനായ ജോസേട്ടൻ നാലര പതിറ്റാണ്ടിന്​ ശേഷം​ ഹയർ സെക്കൻഡറി കടമ്പ കടക്കാനുള്ള ശ്രമത്തിലാണ്​. സാക്ഷരത മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്​ നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിലെ പഠിതാക്കൾക്കുള്ള ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതിയ ജില്ലയിലെ പ്രായം കൂടിയ വിദ്യാർഥിയാണ്​ സി. ജോസ്‌കുമാർ എന്ന ജോസേട്ടൻ. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ്​ ഇദ്ദേഹം പരീക്ഷ എഴുതിയത്​. മലയാളമായിരുന്നു ആദ്യത്തെ പരീക്ഷ. ഹ്യുമാനിറ്റീസ്​ രണ്ടാംവർഷ പഠിതാവാണ്​ ഇദ്ദേഹം. പുത്തനങ്ങാടി ചെറിയപള്ളി ആശുപത്രിയിൽ ആയുർവേദ തെറപ്പിസ്റ്റായിരുന്നു. നിലവിൽ വീടുകളിൽച്ചെന്ന്​ ആയുർവേദ തെറപ്പി​ ചെയ്യുകയാണ്​ ജോസ്‌കുമാർ. സി.സി. യോഹന്നാൻ- സിസിലി ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമനാണ്​ സി. ജോസ്‌കുമാർ. രണ്ട്​ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ്​ ഇദ്ദേഹത്തിന്​. പിതാവി​ന്‍റെ പഠനത്തിന്​ ഫുൾ സപ്പോർട്ടുമായി ഇവർ ഒപ്പമുണ്ട്​. ജീവിതസാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളാലും​ പഠനം മുടങ്ങി. തുടർന്ന്​ കൂലിത്തൊഴിലും മറ്റ്​ ജോലികളും ചെയ്ത്​ കുടുംബം പുലർത്താനുള്ള തിരക്കിലായിരുന്നു ഇദ്ദേഹം. തൊഴിലധിഷ്ഠിത കോഴ്​സ്​ പഠിച്ചെങ്കിലും അത്​ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട്​ ജീവിതനില മെച്ചപ്പെട്ടപ്പോൾ തുടർപഠനമെന്ന ലക്ഷ്യത്തെ എത്തിപ്പിടിക്കുകയായിരുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ്​ ഇവരു​ടെ ക്ലാസ്​. ഓൺലൈൻ ക്ലാസുകളേക്കാൾ താൽപര്യം റെഗുലർ ക്ലാസുകളായിരുന്നു. അധ്യാപകരിൽനിന്നും ക്ലാസ്​ നേരിട്ട്​ പഠിക്കുന്നതാണ്​ ഇഷ്ടം. ഹിസ്റ്ററിയാണ്​ ഇഷ്ടവിഷയം. ജീവചരിത്രങ്ങൾ വായിക്കാനാണ്​ ഇഷ്ടം. ക്ലാസുകൾ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. 70ാം വയസ്സിലും ഇദ്ദേഹത്തിന്‍റെ പഠിച്ചെഴുതാനുള്ള ആർജവവും പ്രായത്തിനെ വെല്ലുന്ന രീതിയിലുള്ള ആഹ്ലാദവും ഇൻവിജിലേറ്ററായ അധ്യാപകരിൽ കൗതുകമായിരുന്നു. ഹയർ സെക്കൻഡറി ആദ്യവർഷത്തിൽ 70​ ശതമാനത്തിലധികം മാർക്ക്​ നേടിയിരുന്നു. ഇത്തവണ അതിനേക്കാൾ കൂടുതൽ മാർക്ക്​ നേടാനുള്ള ശ്രമത്തിലാണ്​ ഈ 70കാരൻ. കോട്ടയം മൗണ്ട്​ കാർമലിലെ എം.​എഡ് വിദ്യാർഥിനിയായ ജോസിന്‍റെ മകൾ സി. അഞ്ജു തുല്യത പരീക്ഷ പത്താം ക്ലാസ്​ പഠിതാക്കളുടെ അധ്യാപിക കൂടിയാണ്​. പടം: DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.