മഹാരാജാസ്​​ കോളജിൽ കെ.എസ്​.യു-എസ്.എഫ്​.ഐ ബാനർ പോര് ​

കൊച്ചി: എറണാകുളം മഹാരാജാസ്​​ കോളജിൽ കെ.എസ്​.യു - എസ്.എഫ്​.ഐ ബാനർ പോര്​ മുറുകുന്നു. കോളജ്​ കവാടത്തിന് മുന്നിൽ ഒന്നിനുമുകളിൽ ഒന്നായി നാല്​ ബാനറാണ്​ ഇതുവരെ ഉയർന്നത്​. എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എം.പി ഹൈബി ഈഡനെതിരായ പ്രതിഷേധത്തോടെയാണ്​ ബാനർ യുദ്ധം ആരംഭിച്ചത്​. 'ഇന്ദിരക്ക്​ കഴിഞ്ഞിട്ടില്ല പിന്നല്ലെ ഈഡന്​' എന്നായിരുന്നു എസ്​.എഫ്​.ഐ ആദ്യമുയർത്തിയ ബാനർ. 'ജനഹൃദയങ്ങളിലാണ്​ ​ഇന്ദിരയും ഈഡനും' എന്ന ബാനറിലൂടെ കെ.എസ്​.യു ഇതിന്​ മറുപടി നൽകി. 'അതെ ജനഹൃദയങ്ങളിലുണ്ട്​ അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്ന് എസ്​.എഫ്​.ഐ തിരിച്ചടിച്ചു. പിന്നാലെ കെ.എസ്​.യുവി​​​ന്‍റെ പുതിയ ബാനർ ഉയർന്നു. 'വർഗീയതയും കമ്യൂണിസവും ഒരുമിച്ച്​ ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA IS INDIRA INDIRA IS INDIA' എന്ന വാചകത്തോടെയാണ്​ പുതിയ ബാനർ​. ബാനർ പോരിനെച്ചൊല്ലി സമൂഹ മാധ്യമത്തിലും ചർച്ചകൾ നടക്കുന്നുണ്ട്​. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥിനിയെ മർദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാറിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു അന്ന്​ മറുപടി നൽകിയത്. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദേശിച്ചതായും നിയമമന്ത്രി വ്യക്തമാക്കി. മാർച്ചിൽ ലോ കോളജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.