സ്വാതന്ത്ര്യ സ്മരണ: തിളങ്ങുന്ന ജ്വാലയായി അമ്പാട്ട് സുലോചന

കൊച്ചി: സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ ജ്വാലയായി നിൽക്കുന്ന മഹാരാജാസ് കോളജിന്‍റെ മുറ്റത്ത് 75 വർഷം മുമ്പ് ആദ്യമായി ഇന്ത്യൻ പതാക ഉയർന്നു. ഒരു പക്ഷേ ഇന്ത്യയിൽ ആദ്യമായി ദേശീയപതാക ഉയർത്തിയ വനിതയായി അവരാകാം എണ്ണപ്പെടുക-അമ്പാട്ട് സുലോചന. ആ ചരിത്രസംഭവം ഇങ്ങനെ; 1947 ആഗസ്റ്റ്‌ 14ന്​ രാത്രി 11ന് മഹാരാജാസ് കോളജ് സ്വാതന്ത്ര്യദിനപ്പുലരിയെ സ്വാഗതം ചെയ്യാനുള്ള ആഘോഷത്തിലായിരുന്നു. നൃത്തവും പാട്ടുമായി വിദ്യാർഥികൾ കൂട്ടം കൂടി. കൊച്ചി വിദ്യാർഥി ഫെഡറേഷന്‍റെയും വിദ്യാർഥി കോൺഗ്രസിന്‍റെയും നേതാക്കളായ അമ്പാടി വിശ്വം, വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, തമ്മനത്ത്‌ അരവിന്ദാക്ഷ മേനോൻ, എൻ.എ. കരീം, ചന്ദ്രഹാസൻ, കെ.കെ. സത്യവ്രതൻ, ടി.സി.എൻ. മേനോൻ തുടങ്ങിയവർ പതാകയുമായി കൊടിമരച്ചുവട്ടിലേക്ക്​ നടന്നു. കൊടിമരത്തിൽ പാറുന്ന കൊച്ചി രാജാവിന്‍റെ പതാക തമ്മനത്ത് അരവിന്ദാക്ഷ മേനോൻ താഴ്ത്താൻ തുടങ്ങിയപ്പോഴേക്കും ചിലർ ഓടിയെത്തി തടഞ്ഞു. ഈ കൊടിമരത്തിൽ ദേശീയപതാകയും രാജാവിന്‍റെ പതാകയും ഒന്നിച്ച് പറക്കണമെന്നായിരുന്നു ആവശ്യം. തർക്കമായതോടെ ദേശീയപതാക ഉയർത്താൻ മറ്റൊരു കൊടിമരം തയാറാക്കി. അപ്പോഴേക്കും രാജപതാക ആരോ ചരട് മുറിച്ച് താഴ്ത്തിയിരുന്നു. ഇതോടെ രംഗം സംഘർഷഭരിതമായി. രാജാവിന്‍റെ ആളുകൾ വിദ്യാർഥികളെ മർദിച്ചൊതുക്കി. അടിയേറ്റ് തമ്മനത്ത്‌ അരവിന്ദൻ തലപൊട്ടി താഴെ വീണു. പത്തോളം നേതാക്കൾ സാരമായ പരിക്കേറ്റ് ആശുപത്രിയിലായി. ഇതോടെ ആഘോഷവും അവസാനിച്ചു. പരിക്ക് പറ്റാത്തവർ അപ്പോൾതന്നെ മന്ത്രി പനമ്പിള്ളിയുടെ പുല്ലേപ്പടിയിലെ വീട്ടിലേക്ക്​ ജാഥ നടത്തി. പനമ്പിള്ളി വിദ്യാർഥികളെ കാണാൻ കൂട്ടാക്കിയില്ല. പിറ്റേന്ന് രാവിലെ വിദ്യാർഥികൾ കോളജിൽ വീണ്ടും എത്തി. പൊടുന്നനെയാണ് ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കീ ജയ് മുദ്രാവാക്യം ഒരു പതിനേഴുകാരിയുടെ കണ്ഠത്തിൽ നിന്നുയർന്നത്. കൊച്ചിയിലെ പൊലീസ് സൂപ്രണ്ട് എ.ആർ. മന്നാടിയാർ നായരുടെ മകൾ അമ്പാട്ട് സുലോചനയായിരുന്നു ആ കുട്ടി. അമ്പാട്ട് സുലോചനയെന്ന ധീരയായ ആ പെൺകുട്ടിയെ തേടി ദേശീയപതാക ഉയർത്താനുള്ള നിയോഗവുമെത്തി. തുടർന്ന്, മഹാരാജാസിലെ വിദ്യാർഥികൾ 12 കിലോമീറ്റർ അകലെ തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തിലേക്ക് മാർച്ച്‌ നടത്തി. രാജാവ് അവരുടെ നിവേദനം പരിഗണിക്കാതെ മടക്കി വിട്ടു. മഹാരാജാസിൽനിന്ന് പുറത്താക്കിയ ഉത്തരവാണ് ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയ നേതാക്കളെ കാത്തിരുന്നത്. സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വാർഷികം 1997ൽ ആഘോഷിച്ചപ്പോൾ അന്നത്തെ മറ്റ് നേതാക്കൾക്കൊപ്പം സുലോചനയും മഹാരാജാസിൽ എത്തിയിരുന്നു. പ്രശസ്ത മജീഷ്യൻ ഭാഗ്യനാഥായിരുന്നു അവരുടെ ഭർത്താവ്. ചലച്ചിത്ര താരം വിധുബാലയും ഛായാഗ്രഹകൻ മധു അമ്പാട്ടുമാണ് മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.