നഞ്ചിയമ്മയുടേത്​ ആത്മാവിന്‍റെ സംഗീതം -ബിജു നാരായണൻ

-'ന്നാ താൻ കേസ് കൊട്' വിവാദം അനാവശ്യം കൊച്ചി: നഞ്ചിയമ്മയുടെ സംഗീതം ആത്മാവിൽനിന്ന് വരുന്നതാണെന്ന് ഗായകൻ ബിജു നാരായണൻ. എറണാകുളം പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടു പാടുന്നതിന് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്നില്ല. സംഗീതം പഠിച്ചിട്ടില്ലാത്ത എത്രയോപേർ പ്രശസ്ത ഗായകരായി. എസ്.പി. ബാലസുബ്രഹ്മണ്യം അടക്കമുള്ളവർ അതിന്​ ഉദാഹരണമാണെന്നും ബിജു നാരായണൻ ചൂണ്ടിക്കാട്ടി. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം ആവശ്യമില്ലാത്തതാണ്​. റോഡിലെ കുഴിയുടെ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വർഷങ്ങളായി നിലനിൽക്കുന്നതാണ്. കലയിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത് മന്ത്രി പക്വതയോടെ കാര്യങ്ങൾ പറ‌ഞ്ഞു. അതോടെ വിവാദം അവസാനിച്ചുവെന്നും ബിജു നാരായണൻ പ്രതികരിച്ചു. തന്‍റെ സംഗീത ജീവിതത്തിന്‍റെ മുപ്പതുവർഷം തികയുകയാണ്. 1992ൽ ഭരതൻ സംവിധാനം ചെയ്ത 'വെങ്കല'ത്തിലെ ''പത്തുവെളുപ്പിന്...'' എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി എത്തുന്നത്. ഈ വേളയിൽ ഭരതന്‍റെ 'കാതോട് കാതോരം' ചിത്രത്തിലെ ''ദേവദൂതർ പാടി...'' എന്ന ഗാനം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പാടാൻ സാധിച്ചത് അനുഗ്രഹമാണ്. മുന്നൂറോളം സിനിമയിൽ ഇതിനകം പാടിയിട്ടുണ്ട്. പാടിയ എല്ലാ പാട്ടിനും പ്രതിഫലം കിട്ടിയിട്ടില്ല. സിനിമക്ക് വേണ്ടത് ഗായകരെയല്ല, ഗായകർക്ക് സിനിമയാണ് വേണ്ടതെന്നും അതിനാൽ പ്രതിഫലം ഒരു വലിയ വിഷയമായി കരുതാനും കഴിയില്ലെന്നും ബിജു നാരായണൻ പറഞ്ഞു. സോണി സായി സംഗീതം പകർന്ന 'ഓർമകൾ മാത്രം' എന്ന ആദ്യ ഗസൽ ആൽബം ശനിയാഴ്ച കുഞ്ചാക്കോ ബോബന്‍റെ ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യും. ഭാര്യ ശ്രീലത മരണപ്പെട്ടിട്ട് ശനിയാഴ്ച മൂന്ന് വർഷമാകുമെന്നും ഭാര്യക്ക് ഈ ആൽബം സമർപ്പിക്കുകയാണെന്നും ബിജു നാരായണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.