അമ്പലച്ചിറ ശുചീകരിക്കാത്തതിൽ പ്രതിഷേധം

ചെങ്ങമനാട്: പഞ്ചായത്ത് മൂന്നാം വാർഡിലെ അമ്പലച്ചിറ ശുചീകരിക്കാത്തതിൽ സി.പി.എം ചെങ്ങമനാട് നോർത്ത് ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചെങ്ങമനാട് നമ്പർ 2 ഇറിഗേഷൻ മുതൽ മഹാദേവർ ക്ഷേത്രം വരെ വ്യാപിച്ച അമ്പലച്ചിറയിലൂടെയാണ് പുത്തൻതോട് ഭാഗത്തുനിന്ന് വരുന്ന വെള്ളം മാങ്ങാമ്പിള്ളി ചിറവഴി ചാലക്കുടി പുഴയിൽ എത്തിച്ചേരുന്നത്. കാലങ്ങളായി മഴക്കാലം വരുന്നതിന് മുമ്പ് ചിറ ശുചീകരണം പൂർത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ നടപടിയുണ്ടായില്ല. പായലും മുള്ളൻചണ്ടിയും കുളവാഴയും പുല്ലും കാടും മൂടി കരയെക്കാൾ ഉയരത്തിൽ മാലിന്യം മൂടിയിരിക്കുകയാണ്. ചിറയോട് ചേർന്ന് കിടക്കുന്ന കൊറ്റം പുഞ്ചപ്പാടശേഖരത്തിലെ അഞ്ച് ഏക്കർ നെൽകൃഷിയും വെള്ളം കെട്ടി നശിക്കുന്ന സ്ഥിതിയിലാണ്. അതിനാൽ തോടിന്റെ കരകളിലുള്ള സമീപവാസികൾ പ്രളയഭീതിയിലാണ്. അടിയന്തരമായി പഞ്ചായത്ത്​ അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കേരള കർഷകസംഘം ആലുവ ഏരിയ സെക്രട്ടറി പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. പി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ടി.വി. ജോണി, പി.എൻ. അരുൺകുമാർ, എൻ. അജിത്കുമാർ, നാരായണൻ, പവിത്രൻ പൊതുവാൾ, പി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.