ചൂണ്ടാൻതുരുത്തി കവലയിലെ വെള്ളക്കെട്ട്; പ്രക്ഷോഭത്തിനൊരുങ്ങുന്നു നാട്ടുകാർ

ചെങ്ങമനാട്: കുറുമശ്ശേരി റോഡിലെ ചൂണ്ടാൻതുരുത്തി പാലത്തിന് സമീപം രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നെടുമ്പാശ്ശേരി-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിവിടം. അത്താണിയിൽനിന്ന് എളവൂർ, മാള, കണക്കൻകടവ് പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണ് ചൂണ്ടാംതുരുത്തി. മിനിറ്റുകൾ കണക്കെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അങ്കമാലി- മാഞ്ഞാലിത്തോടിന് കുറുകെ നിർമിച്ച ചൂണ്ടാംതുരുത്തി പാലത്തിന് വടക്കുവശത്താണ് വെള്ളക്കെട്ട്. വർഷങ്ങളായി മഴക്കാലത്ത് വേലിയേറ്റമുണ്ടാകുമ്പോൾ റോഡിൽ ചെറിയ തോതിൽ വെള്ളം കയറിയിരുന്നെങ്കിലും ശക്തമായിരുന്നില്ല. എന്നാൽ, 2018ലെ മഹാപ്രളയത്തിലാണ് വെള്ളം കുത്തിയൊഴുകി റോഡ് രണ്ടായി പിളർന്നത്. അതോടെ ആഴ്ചകളോളം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. റോഡ് കട്ടപാകി നവീകരിച്ചെങ്കിലും പഴയ നിലയിൽ സുരക്ഷിതമല്ല. 2019ലെ പ്രളയത്തിലും വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം മുടങ്ങി. പ്രളയങ്ങൾക്ക് ശേഷം റോഡ് അത്യാധുനിക രീതിയിൽ ഉയർത്തി പുതുക്കിപ്പണിയുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തോരാതെ പെയ്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞു. ഈ ഭാഗം മണ്ണിട്ട് ഉയർത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്​. ചൂണ്ടാംതുരുത്തി പാലം മുതൽ കിഴക്കോട്ട് ഒരു കിലോമീറ്റർ നീളമെങ്കിലും മണ്ണിട്ട് പൊക്കിയാൽ മാത്രമേ മാഞ്ഞാലിത്തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകുന്നത് തടയാൻ സാധിക്കൂവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്​കരിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. EA ANKA 1 ROAD വെള്ളക്കെട്ട് രൂക്ഷമായ ചെങ്ങമനാട്-കുറുമശ്ശേരി പൊതുമരാമത്ത് റോഡിലെ ചൂണ്ടാൻതുരുത്തിക്കവല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.