എം.എല്‍.എമാരുടെ അവകാശവാദങ്ങള്‍ നടപ്പായില്ല ഫ്ലക്സുകളിൽ പാലം പണി; ശരിക്കും​ 'പാലംവലി'

മരട്: നെട്ടൂര്‍-മാടവന പൊതുമരാമത്ത് റോഡിലെ നെട്ടൂര്‍ ചന്ത തോടിനു കുറുകെ പുതിയ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. കുപ്പിക്കഴുത്ത് പോലെയുള്ള നെട്ടൂര്‍ ചന്തപ്പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കുമെന്ന് മുന്‍ എം.എല്‍.എ. എം. സ്വരാജും നിലവിലെ എം.എല്‍.എ കെ. ബാബുവും അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. അവകാശവാദം ഉന്നയിച്ച് പാലത്തി‍ൻെറ രണ്ടറ്റത്തും സ്ഥാപിച്ച എം.എല്‍.എമാരുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ മങ്ങിയിട്ടും പാലം പണിയുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എ എം. സ്വരാജാണ് പൊളിച്ചുപണിയുമെന്ന അവകാശ വാദവുമായെത്തിയത്. പിന്നീട് തെരഞ്ഞെടുപ്പില്‍ ജയിച്ച നിലവിലെ എം.എല്‍.എ കെ. ബാബു കഴിഞ്ഞ ആഗസ്റ്റില്‍ 54 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയോടെ 19.60 കോടിയുടെ ഭരണാനുമതി ലഭിച്ചെന്ന അവകാശവാദവുമായെത്തി. ഇതി‍ൻെറ ഫ്ലക്‌സ് ബോര്‍ഡും പാലത്തില്‍ സ്ഥാപിച്ചു. ഇതോടെ ദുരിതയാത്രക്ക്​ ഉടന്‍ പരിഹാരമാകുമെന്നോര്‍ത്ത് നാട്ടുകാര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, വാഗ്ദാനങ്ങള്‍ കടലാസിൽ ഒതുങ്ങിയതല്ലാതെ തുടക്കമിടാന്‍ അധികൃതര്‍ക്കായിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ അവസ്ഥ ദയനീയമാണ്. പാലത്തിലേക്ക് കയറുന്ന ഭാഗം കുണ്ടും കുഴിയുമായതിനാല്‍ അപകടത്തില്‍പെടുന്നതും പതിവാണ്. പാലം നിര്‍മാണം എന്ന് തുടങ്ങുമെന്നോ എന്ന് അവസാനിക്കുമെന്നോ വ്യക്തതയില്ല. നെട്ടൂരിനോടുള്ള അവഗണന അധികൃതര്‍ അവസാനിപ്പിക്കണമെന്നാണ്​ നാട്ടുകാർ ആവശ്യപ്പെടുന്നത്​. EC-TPRA-1 Nettoor Bridge പുനര്‍നിര്‍മാണം പുനരാരംഭിക്കാത്ത നെട്ടൂര്‍ ചന്തപ്പാലം. മുന്‍ എം.എല്‍.എ എം. സ്വരാജി‍ൻെറ പേരില്‍ ഫ്ലക്‌സ് ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.