പെരുമ്പാവൂര്‍ ബൈപാസ്; ഒന്നാംഘട്ടം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി

പെരുമ്പാവൂര്‍: ബൈപാസി‍ൻെറ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. പദ്ധതി ഉടന്‍ ടെന്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്നും 15 കോടി ഇതുവരെ ഭൂവുടമകള്‍ക്ക് വിതരണം ചെയ്തതായും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഏറ്റെടുത്ത ഭൂമി ആര്‍.ബി.ഡി.സിക്ക് കൈമാറി. 60 പേരുടെ ഭൂമിയാണ് ബൈപാസി‍ൻെറ ഒന്നാംഘട്ട നിര്‍മാണത്തിന് ഏറ്റെടുത്തത്. നിലവില്‍ രണ്ടുപേര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 90 ശതമാനം ആളുകളുടെയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാകും. 2016ലാണ് പെരുമ്പാവൂര്‍ ബൈപാസിന് അംഗീകാരം ലഭിച്ചത്. നാല് കിലോമീറ്റര്‍ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവില്‍ പച്ചക്കറി ചന്തയുമായി ബന്ധപ്പെട്ട സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്നാണ്​ സര്‍ക്കാറി‍ൻെറ ഉത്തരവ്. അതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് ബൈപാസ് രണ്ട് ഘട്ടങ്ങളാക്കി മാറ്റിയിട്ടുള്ളത്. നാല് കിലോമീറ്റര്‍ വരുന്ന ബൈപാസി‍ൻെറ ആദ്യഘട്ടത്തില്‍ ഒന്നര കിലോമീറ്ററാണുള്ളത്. മരുത് കവല മുതല്‍ ഓള്‍ഡ് മൂവാറ്റുപുഴ റോഡിലെ വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പബ്ലിക് ഹിയറിങ്ങും അതോടൊപ്പം തന്നെയുള്ള നോട്ടിഫിക്കേഷനും പൂര്‍ത്തിയായി. രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ലാൻഡ്​ റവന്യൂ കമീഷണറില്‍നിന്നും അഗ്രികള്‍ചറല്‍ ഡിപ്പാര്‍ട്മെന്‍റില്‍നിന്നും അനുമതി ലഭ്യമായി. സോഷ്യല്‍ ഇംപാക്ട് സ്റ്റഡി ടെന്‍ഡര്‍ ചെയ്യുകയും രാജഗിരി കോളജ് ഓഫ് എന്‍ജിനീയറിങ് കോളജിനെ തിരഞ്ഞെടുക്കുകയും ചെയ്തു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.