കാലവര്‍ഷം: ജാഗ്രതയോടെ ജില്ല

കൊച്ചി: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പും പൂര്‍ണസജ്ജരായിരിക്കാന്‍ കലക്ടര്‍ ജാഫര്‍ മാലിക് നിർദേശം നല്‍കി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ജില്ല കേന്ദ്രത്തിനു പുറമെ താലൂക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ പ്രവര്‍ത്തനം നടത്തണം. വകുപ്പുതലത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കണം. കുട്ടമ്പുഴ സെറ്റില്‍മെന്റിനകത്ത് വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ​ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം 25നകം പൂര്‍ത്തിയാക്കണം. ഗ്രാമീണ മേഖലകളിലെ മഴക്കാല പൂര്‍വ ശുചീകരണങ്ങളും ഒരാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണം. മഴ ഉണ്ടാകുമ്പോള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ​ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചി കോര്‍പറേഷന്‍, കളമശ്ശേരി നഗരസഭ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ വേഗത്തില്‍ ഗതാഗത യോഗ്യമാക്കണം. കൊച്ചി മെട്രോയുടെ ജോലികള്‍ നടക്കുന്നയിടങ്ങളില്‍ ഗതാഗതത്തിന് തടസ്സമാകുന്നവ ഒഴിവാക്കണം. കൊച്ചി സ്മാര്‍ട്ട് മിഷന്റെ മേല്‍നോട്ടത്തിലുള്ള റോഡുകളില്‍ വെള്ളക്കെട്ട് വരുത്താതെ ശ്രദ്ധചെലുത്തണം. പി ആന്‍ഡ് ടി കോളനി ഉൾപ്പെടെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളില്‍ അത് ഒഴിവാക്കാൻ​ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ സെക്രട്ടറിക്ക് നിർദേശം നല്‍കി. പ്രദേശത്ത് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. സ്ക്വാഡ് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും നടപടി സ്വീകരിക്കുകയും വേണം. ഓരോ പ്രദേശത്തും ഇത്തരം സ്ക്വാഡുകളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. താലൂക്ക്, തദ്ദേശ സ്വയംഭരണ തലത്തിൽ ദ്രുതകര്‍മ സേനാംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സന്നദ്ധസേനയുടെ പ്രവര്‍ത്തനവും ഇതോടൊപ്പം ഏകോപിപ്പിക്കും. ഓരോ താലൂക്കിലും നേരിടുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക്​ അനുസൃതമായ മോക്ഡ്രില്ലുകള്‍ നടത്തി പ്രവര്‍ത്തനങ്ങളുടെ കൃത്യത ഉറപ്പാക്കും. 20, 23, 25, 27 തീയതികളില്‍ താലൂക്കുകളില്‍ നാലുതരത്തില്‍ മോക്ഡ്രില്‍ നടത്തും. ജില്ലയില്‍ ക്യാമ്പ് ചെയ്യുന്ന എന്‍.ഡി.ആർ.എഫ് സംഘത്തെയും മോക്ഡ്രില്‍ പങ്കാളികളാക്കും. 20ന് കൊച്ചി താലൂക്കില്‍ ചുഴലിക്കാറ്റിനെ നേരിടാൻ​ മോക്ഡ്രിൽ​ നടത്തും. ഡാമുകള്‍ തുറന്നാലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ​ മോക്ഡ്രില്‍ പറവൂര്‍, ആലുവ, മൂവാറ്റുപുഴ താലൂക്കുകളില്‍ 23ന് നടത്തും. കൂടുതല്‍ മഴ പെയ്താല്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാൻ​ മോക്ഡ്രില്‍ 25ന് കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളില്‍ സംഘടിപ്പിക്കും. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ നേരിടാനുള്ള മോക്ഡ്രില്‍ കോതമംഗലം താലൂക്കില്‍ 27നും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.