വികസനമാണ്​ മെയിൻ

വികസനമാണ് മാഷിന്‍റെ മെയിൻ. ഊണിലും ഉറക്കത്തിലും ഒറ്റ വിചാരമേയുള്ളൂ, വികസനം വേണം. ആരുടെ വികസനം എന്നൊന്നും ചോദിക്കരുത് എന്നുമാത്രം. കാലങ്ങളായി അങ്ങനെ നല്ലരീതിയിൽ വികസിച്ചു വരുമ്പോഴാണ് എം.പി വണ്ടിയിൽനിന്ന് ഇറങ്ങേണ്ടിവന്നത്. വികസനത്തിന് തുടർച്ച വേണം എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും അത് അടുത്തയാള് ചെയ്തോളും എന്നു പറഞ്ഞതോടെ കുറേക്കാലമായി തുടർന്നുവന്ന വികസനകാര്യത്തിൽ ഒരു തീരുമാനമായി. അല്ലെങ്കിലും ഒരു പുതിയ അതിവേഗ പാതയുടെ ആവശ്യം ഉണ്ടെന്ന് കുറച്ചുനാളായി മാഷിന്​ തോന്നിത്തുടങ്ങിയിട്ട്​. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്​ കാലത്താണ് അത് ശരിക്കും ബോധ്യപ്പെട്ടത്. എം.പി വണ്ടിയിൽ തുടർയാത്ര തരപ്പെട്ടില്ല. നിയമസഭവഴി വികസനം കൊണ്ടുവരാമെന്ന്​ വിചാരിച്ചപ്പോൾ അവമ്മാർക്ക്​ ചേഞ്ചുവേണമത്രേ ചേ​ഞ്ച്. ആ വികസനസ്വപ്നവും നടന്നില്ല. എയർലൈൻ പിടിച്ച്​ ഡൽഹിക്കൊക്കെ പോയി നോക്കിയെങ്കിലും വിമാനക്കാശ്​ പോയത്​ മാത്രം മിച്ചം. അങ്ങനെയിരിക്കെയാണ്​ ഒരു സിൽവർലൈൻ മാഷിന് മുന്നിൽ തെളിഞ്ഞത്. ഒരു സെമി ഹൈസ്പീഡ് പാത. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാൽ നാലുമണിക്കൂർകൊണ്ട് കാസർകോട്​ എത്തും. അതിവേഗം ബഹുദൂരം. എന്താ അതിന്‍റെ ഒരു സ്പീഡ് !. ചിന്തിക്കാൻ പറ്റുന്നില്ലെങ്കിൽ ലളിതമായി പറയാം. പാർട്ടിയിൽനിന്ന്​ പാർട്ടി കോൺഗ്രസ്​ സെമിനാർ വേദിയിലേക്ക് മാഷ് എത്തിയതിനെക്കാൾ ഇച്ചിരിക്കൂടി സ്പീഡ് അത്രേയുള്ളൂ. ആ ലൈൻ പിടിച്ചതോടെ കുമ്പളങ്ങിയിലെ വീട്ടിൽ​ ഒരു ഓളമൊക്കെയായി. വീട്ടിലെ താമരക്കുളത്തിൽ മീനിന്​ തീറ്റകൊടുത്തും കുമ്പളങ്ങിക്കായലിലെ മത്സ്യരുചി ആസ്വദിച്ചും ഇനി ഏത്​ പുസ്തകം എഴുതണമെന്ന്​ തലപുകച്ചും വെറുതെ കുത്തിയിരിക്കുകയായിരുന്നു. ഇപ്പോൾ ആളായി ആരവമായി. അനങ്ങിയാൽ ചുറ്റും ചാനലുകാരും പത്രക്കാരും... വീട്ടിൽനിന്ന്​ ഇറങ്ങുന്നത്​ മുതൽ ലൈവാണ്​. വിപ്ലവപാർട്ടിക്ക്​ മാഷില്ലാതെ ഒരു കഷായവുമില്ല പരിപാടിയുമില്ല എന്ന സ്ഥിതിയായി. സംഗതി എന്തായാലും ജോറായി. അങ്ങനെയിരിക്കെയാണ് മുഖ്യൻ പങ്കെടുക്കുന്ന തൃക്കാക്കര തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനും വിളിയെത്തിയത്. അതിന് കുളിച്ചൊരുങ്ങി പുറപ്പെട്ടതാണ് മാഷ്. എന്തുചെയ്യാൻ, ഒരു മണിക്കൂർ ബ്ലോക്കിൽ കിടക്കേണ്ടിവന്നു. വേദിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന കാരണഭൂതർക്കും കാരണവും പരിഹാരക്രിയയും പിടികിട്ടി. ഒന്നേയുള്ളൂ പരിഹാരം സിൽവർലൈൻ!. ആ ലൈൻ വന്നാൽ കുമ്പളങ്ങിയിൽനിന്ന് തൃക്കാക്കരക്ക് വേഗത്തിലെത്താമെന്നാണ് മാഷെ ആരോ പറഞ്ഞ്​ പറ്റിച്ചിരിക്കുന്നത്​. മാഷ് പാവമാടാ, ശുദ്ധനാ. മാഷ്​ കണ്ട ലൈൻവഴി വികസിക്കാൻ അവസരം കിട്ടുമോ അതോ 31ന്​ ശേഷം മാഷ്​ അട്ടത്താകുമോ എന്നൊക്കെ കാത്തിരുന്ന്​ കാണണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.