അമ്പലപ്പുഴ: സി.പി.എം ഭരിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഭരണപ്രതിസന്ധി. വൈസ് പ്രസിഡന്റ് രാജിക്കത്ത് പാര്‍ട്ടിക്ക് നല്‍കിയതോടെ പ്രതിസന്ധി രൂക്ഷമായി. ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കാൻ ഇരിക്കെയാണ് ജനപ്രതിനിധികൾ തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമായത്.എട്ടാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ പി.എം. ദീപയാണ് പദവിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഏരിയ കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്.
അടുത്ത ദിവസം പാര്‍ട്ടി ഇതിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. പഞ്ചായത്ത് ഭരണനേതൃത്വം പൂർണപരാജയമാണെന്നും ഇതിനാലാണ് ഓദ്യോഗിക സ്ഥാനത്തുനിന്ന് ഒഴിയുന്നതെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ വി. ധ്യാനസുതനുമായി വാക്കേറ്റം ഉണ്ടാകുകയും ഇത് മര്‍ദനത്തിലെത്തുകയും ചെയ്തിരുന്നു. തന്നെ ഹാരിസ് മർദിച്ചെന്ന് ആരോപിച്ച് ധ്യാനസുതന് സി.പി.എം ജില്ല കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.
വണ്ടാനം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ വെച്ചാണ് ധ്യാനസുതന് മർദനമേറ്റത്. പൊതുനിരത്തില്‍ ജനപ്രതിനിധികള്‍ തമ്മിലുണ്ടായ കൈയാങ്കളി പാര്‍ട്ടിക്ക് തലവേദനയായതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ രാജി.ഒരുവർഷമായി ഹാരിസ് നടത്തുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി എടുക്കാതിരുന്നതാണ് ഇത് തുടരാൻ കാരണമെന്നാണ് ധ്യാനസുതന് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, ധ്യാനസുതൻ അടക്കമുള്ള ചില അംഗങ്ങൾ പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.