ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല അദാലത്തിൽ യുവജനകമീഷൻ ചെയർമാൻ എം.ഷാജർ പരാതികൾ കേൾക്കുന്നു
ആലപ്പുഴ: പല വിദേശ രാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐറിഷ് വിസ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന മാവേലിക്കര സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, തൊഴിൽതട്ടിപ്പ്, ആശുപത്രി ജീവനക്കാരുടെ അനാസ്ഥ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു.
യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമീഷൻ ഇടപെടും. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതികൾ നടപ്പാക്കി വരുകയാണ്. യുവജനങ്ങൾക്കിടയിൽ വർധിക്കുന്ന ജോലി സമ്മർദത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
ജില്ല അദാലത്തിൽ 12 പരാതികൾ പരിഹരിച്ചു. 22 പരാതികളാണ് പരിഗണിച്ചത്. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. പുതിയതായി നാലുപരാതികൾ ലഭിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനം, ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നീ പരാതികളും തീർപ്പാക്കി.
യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, കമീഷൻ അംഗം അഡ്വ. ആർ. രാഹുൽ, അഡ്മിനിട്രേറ്റീവ് ഓഫിസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.