ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കു​കൂ​ടി അ​മീ​ബി​ക്​ മ​സ്​​തി​ഷ്ക​ജ്വ​രം​

ആലപ്പുഴ: ജില്ലയിൽ രണ്ടുപേർക്കുകൂടി അമീബിക്‌ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആലപ്പുഴ ചെട്ടികാട്‌ സ്വദേശിയായ യുവാവിനും പട്ടണക്കാട്‌ സ്വദേശിയായ മത്സ്യത്തൊഴിലാളിക്കുമാണ് ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ ആശങ്കയേറി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. നേരത്തെ രോഗം സ്ഥിരീകരിച്ച ആറാട്ടുപുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്‌.

ബംഗളൂരുവിൽനിന്ന്‌ നാട്ടിൽ തിരിച്ചെത്തിയ നഴ്‌സ്‌ നീർക്കുന്നം കളത്തിൽ ആര്യമോൾ, മാവേലിക്കര മരാമത്ത്‌ റെസ്‌റ്റ്‌ ഹ‍ൗസിലെ കരാർ ജീവനക്കാരൻ തഴക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനുവർഗീസ്‌ എന്നിവർ അമീബിക്‌ മസ്‌തിഷ്‌കജ്വരം ബാധിച്ച്‌ ഒരാഴ്‌ചക്കിടെ മരിച്ചു.രോഗം സ്ഥിരീകരിച്ച അഞ്ച്‌ പേരിൽ നാലുപേരിലും അക്കന്തമീബയാണ്‌ രോഗ കാരണമെന്ന്‌ കണ്ടെത്തി.നേരത്തെ മസ്തിഷ്കജ്വരം ബാധിച്ചരിൽ കണ്ടെത്തിയത് നൈഗ്ലെറിയ ഫൗളറി എന്ന അമീബിയയായിരുന്നു. ഇത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കാണുക. മുങ്ങിക്കുളിക്കുമ്പോൾ ശരീരത്തിൽ പ്രവേശിച്ചാണ് അമീബ തലച്ചോറിനെ ബാധിച്ചിരുന്നത്.

ഉറവിടം കണ്ടെത്താനായില്ല

രോഗം സ്ഥിരീകരിച്ചവരിൽ അമീബ എങ്ങനെ ശരീരത്തിൽ പ്രവേശിച്ചുവെന്ന് ആരോഗ്യ വകുപ്പിന് കണ്ടെത്താനായിട്ടില്ല. ചെട്ടികാട് സ്വദേശി വീട്ടുമുറ്റത്ത് നീന്തൽകുളമുണ്ടാക്കി അതിൽ കുളിച്ചിരുന്നു. ആ വെള്ളത്തിൽനിന്നാണ് അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, മറ്റ് നാലുപേരും വെള്ളത്തിൽ മുങ്ങിക്കുളിച്ചിട്ടില്ല. അമീബയുള്ള വെള്ളം ഉപയോഗിച്ച് മുഖംകഴുകുകയോ മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കുകയോ ആകാനാണ് സാധ്യത.

അതേസമയം, അമീബിക്‌ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ആറാട്ടുപുഴ മൂന്നാം വാർഡിൽ രണ്ടാഴ്ച നീളുന്ന തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.നിലവിൽ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ ശേഖരിക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്യുന്നുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന ഇന്റർ സെക്ടറൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

രോഗലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണം.

ഒരാൾക്ക് വെസ്റ്റ്ൽ നൈപനി; ഈ വർഷം ഇതാദ്യം

ആലപ്പുഴ: ജില്ലയിൽ ഒരാൾക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 65കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യമായാണ് ജില്ലയിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണിത്. ദേശാടനപക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്.

വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിന് കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ.

Tags:    
News Summary - Two more people in the district have contracted amoebic encephalitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.