ടാറിങ് പൂർത്തിയാകാത്ത പെരുമ്പളം പാലം
പെരുമ്പളം: പാലം നിർമിച്ചിട്ടും പെരുമ്പളം ദ്വീപിലെ യാത്രാദുരിതത്തിന് അറുതിയായില്ല. നാടെങ്ങും കൊട്ടിയറിയിച്ചായിരുന്നു ഏതാനും മാസം മുമ്പ് ദ്വീപിലേക്കുള്ള ഏറ്റവും വലിയ പാലം ഉദ്ഘാടനം ചെയ്തത്. സർക്കാറിന്‍റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് വരെ നീണ്ടുചെന്ന പാലം കാണാൻ വിദൂരങ്ങളിൽ നിന്നുപോലും ആളെത്തി. പാലത്തിൽ നിന്നെടുത്ത സെൽഫികളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നു.
സന്ധ്യ കഴിഞ്ഞാൽ പുറംലോകവുമായി ബന്ധം മുറിയുന്ന പെരുമ്പളത്തുകാർക്ക് ഇനി ധൈര്യമായി സെക്കൻഡ് ഷോ കാണാൻ പോകാം എന്നുവരെ പാണന്മാർ പാടിനടന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പെരുമ്പളത്തുകാർ നിന്നിടത്തുതന്നെ നിൽക്കുകയാണ്. പാലം പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് മാസങ്ങളായിട്ടും ദ്വീപ് നിവാസികളുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമായില്ല. ദ്വീപിൽനിന്ന് പുറത്തുകടക്കാൻ ബോട്ടുകളെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് ബോട്ട് സർവിസ് അവസാനിപ്പിക്കാതെതന്നെ വാഹന ഗതാഗതസൗകര്യംകൂടി ലഭിച്ചിട്ടും ദുരിതങ്ങൾ അവസാനിച്ചിട്ടില്ല.
പാലത്തിന്റെ ഉദ്ഘാടന ദിവസം കോട്ടയത്തേക്കും എറണാകുളത്തേക്കും ചേർത്തലയിലേക്കും കെ.എസ്.ആർ.ടി.സി ബസുകളുടെ സർവിസ് ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് സർവിസ് നടന്നിട്ടില്ല. അതുകൊണ്ട് പ്രിയദർശിനി സൗജന്യയാത്ര അനുഭവിക്കാനുള്ള ഭാഗ്യവും ദ്വീപ് വാസികൾക്കില്ല. പാലത്തിൽ ടാറിങ് ജോലി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുവന്നിട്ടില്ലെന്നാണ് കരാറുകാർ പറയുന്നത്. അതല്ല, ഫണ്ടിന്റെ കുറവുകൊണ്ടാണ് ലൈറ്റുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെ പല ജോലികളും നിലച്ചതെന്നും പറയുന്നു. സ്ത്രീകൾക്ക് അനുവദിച്ച യാത്ര സൗജന്യം അനുഭവിക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ എറണാകുളത്തേക്കും ചേർത്തലയിലേക്കും സർവിസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദ്വീപിനുള്ളിലേക്ക് സ്വകാര്യ ബസുകളുടെ സർവിസിന് അനുമതി നൽകിയാൽ ഒരു പരിധിവരെ യാത്രാക്ലേശം പരിഹരിക്കാനാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഏഴ് കിലോമീറ്റർ ദൂരത്തേക്കെങ്കിലും ദ്വീപിൽ സർവിസ് നടത്താൻ കഴിയും. സ്വന്തമായി വാഹനമുള്ളവർക്ക് മാത്രമേ ഇപ്പോൾ പാലം പ്രയോജനപ്പെടുന്നുള്ളൂ. മുഴുവൻ ദ്വീപ് നിവാസികൾക്കും ഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുന്നവിധം ആസൂത്രണം ചെയ്യാൻ ത്രിതല പഞ്ചായത്തും ഗതാഗത വകുപ്പും എം.എൽ.എയുടെ സാന്നിധ്യത്തിൽ കൂടിയാലോചന നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.