കുട്ടികളിൽ മുണ്ടിനീര് പടരുന്നു; ഒമ്പത് കുട്ടികൾക്ക് രോഗം

ആലപ്പുഴ: സ്കൂൾ കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിലെ ഒമ്പത് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. അതേസമയം, കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21 ദിവസം അടച്ചിൽ നീട്ടും. സാധാരണ രണ്ടാഴ്ചക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാൻ സാധ്യതയുള്ള സമയം) 12 മുതൽ 25 ദിവസം വരെയാണ്.

അതിനാലാണ് കൂടുതൽ ദിവസം സ്കൂൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്. ജില്ലയുടെ തെക്കൻ മേഖലയിൽ കഴിഞ്ഞവർഷം മുണ്ടിനീര് പടർന്നതോടെ സ്കൂളുകളും അംഗൻവാടികളും ഉൾപ്പെടെ 38 വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു. പാരമിക്സോ വൈറസാണ് രോഗകാരി. ഉമിനീര്, ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ എന്നിവയുടെ കണികകൾ വായുവിൽ കലർന്നാണ് മറ്റൊരാളിലേക്ക് പടരുന്നത്. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും പകരും. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം.

നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ താമസിപ്പിക്കരുത്.

ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.വി. വിദ്യ അറിയിച്ചു. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടു മുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്.

പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയഗ്രന്ഥി ഇവക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേൾവി തകരാറിനും ഭാവിയില്‍ പ്രത്യുൽപാദന തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും.

രോഗം പകരുന്നത് തടയാൻ

  • അസുഖ ബാധിതര്‍ രോഗം പൂര്‍ണമായും ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്.
  • രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.
  • മുണ്ടിനീരിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കുക
  • പനി പോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ കുട്ടികളെ അനുവദിക്കരുത്
  • രോഗികൾ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾ പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കുക.
  • ചവക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക
  • നീരിന്റെയും വേദനയുടെയും പ്രയാസം കുറക്കുന്നതിന് ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുക
  • ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനക്കും ആശ്വാസമാകും
Tags:    
News Summary - Mumps spreads among children; nine children fall ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.