മഴ കനത്തു; അരൂർ-തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന റോഡ് തോടായി

അരൂർ: മഴ കടുത്തതോടെ അരൂർ-തുറവൂർ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. ദേശീയപാതയിൽ കോടംതുരുത്ത് ഗവ. സ്കൂളിനു മുന്നിലാണ് കനത്ത മഴ മൂലം റോഡ് തോടായി മാറിയത്. ഉയരപ്പാതയുടെ നിർമാണം ഈ ഭാഗത്ത് പൂർത്തിയാക്കിയെങ്കിലും കാന നിർമാണം പാതി വഴിയിലാണ്. മേൽപ്പാലത്തിൽ വീഴുന്ന മഴവെള്ളം പൈപ്പുകൾ വഴി റോഡിൽ എത്തുന്നതാണ് വെള്ളക്കെട്ടിനു കാരണം. കാനപൂർത്തിയാകാത്തതും പ്ലംബിംഗ് പണികൾ തീരാത്തതുമാണ് വെള്ളക്കെട്ട് ദുരിതത്തിന് കാരണം. സമീപത്തെ തോടുകളിലേക്ക് പൈപ്പ് എത്തിക്കാൻ കോടംതുരുത്ത് പഞ്ചായത്ത് ഇതിന് അനുമതി നൽകിയിട്ടില്ലെന്നാണ് പറയുന്നത്. മറ്റു പല പഞ്ചായത്തുകളും ഉയരപ്പാതയിൽ നിന്ന് കാനകളിലെത്തുന്ന മഴവെള്ളം നാട്ടു തോടുകളിലൂടെ ജലാശയങ്ങളിലേക്ക് ഒഴുക്കാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ഉയരപ്പാത നിർമാണം നടക്കുന്നതിനു മുമ്പ് തന്നെ കോടംതുരുത്ത് ബസ് സ്റ്റോപ്പിനു സമീപം ദേശീയപാതയിലെ താഴ്ച കാരണം മഴവെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് സാധാരണമായിരുന്നു. ഇപ്പോൾ മുട്ടറ്റം വെള്ളം ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്ത് ഉയർന്നു കഴിഞ്ഞു. നിലയ്ക്കാതെ പെയ്താൽ അത് വലിയ അപകടങ്ങൾക്കും കാരണമാകും. ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിലും ഓട്ടോകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.

Tags:    
News Summary - The rain intensified; the stretch of the Aroor-Thuravoor National Highway where the elevated highway construction is underway has turned into a cana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.