കലവൂർ: വൈദ്യുതി ബോർഡിലെ സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയത് ചോദ്യം ചെയ്ത അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കെ.എസ്.ഇ.ബി എസ്.എൽ പുരം സെക്ഷനിലെ അസി. എക്സി. എൻജിനീയർ കെ. രാജേഷ് മോനെ ആക്രമിച്ചതിന് ജീവനക്കാർക്ക് എതിരെയും ജീവനക്കാരെ ആക്രമിച്ചതിന് രാജേഷ് മോനെയും പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസെടുത്തത്.
അസി. എക്സിക്യൂട്ടീവ് എൻജിനീയറെ ഓഫിസ് മുറിയിൽ കയറി മർദ്ദിച്ചതിനും 12,500 രൂപ വിലയുള്ള കണ്ണട പൊട്ടിക്കുകയും ചെയ്തതായാണ് ഒരു കേസ്. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിലെ ജീവനക്കാരും യൂനിയൻ നേതാക്കളുമായ രഘുനാഥ്, സിബു മോൻ, കെ.കെ. ചന്ദ്രൻ, സഞ്ജയ് നാഥ്, കെ.ആർ ഷീജ എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് കേസ്. ജീവനക്കാരായ കെ.ആർ. ഷീജ, കെ.കെ. ചന്ദ്രൻ എന്നിവരുടെ പരാതിയിലാണ് രാജേഷ് മോനെ ജാമ്യമില്ലാവകുപ്പിൽ പ്രതിയാക്കിയുള്ള മറ്റൊരു കേസ്. അന്വേഷണം ആരംഭിച്ചതായും അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉടൻ ഉണ്ടാകുമെന്നും മാരാരിക്കുളം എസ്.എച്ച്.ഒ ടി. പ്രീത് പറഞ്ഞു. ചികിത്സയിലായിരുന്ന രാജേഷ് മോൻ ഞായറാഴ്ച ആശുപത്രി വിട്ടു.
അതേസമയം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ തൊഴിലാളി വിരുദ്ധ നടപടിക്ക് എതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തിങ്കളാഴ്ച എസ്.എൽ പുരം വൈദ്യുതി സെക്ഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് എസ്.എൽ പുരം വൈദ്യുതി സെക്ഷൻ ഓഫിസിലായിരുന്നു സംഘർഷം. ചേര്‍ത്തലയില്‍ നടന്ന യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കലവൂര്‍ സെക്ഷന്‍ ഓഫിസിലെ 12 ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തത്.
നാല് പേരെങ്കിലും ഓഫിസില്‍ നിന്നിട്ട് ബാക്കിയുള്ളവര്‍ പോയാല്‍ മതിയെന്ന് ഉദ്യോഗസ്ഥന് നിര്‍ദേശിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പരിപാടിക്ക് ശേഷം യൂണിയന് ഭാരവാഹികള്‍ എസ്.എല്‍ പുരത്തെ ഓഫിസിലെത്തി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചർച്ച സംഘട്ടനത്തിലാണ് കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.