ജില്ലയിൽ വ്യാപകമാകുന്ന ആഫ്രിക്കൻ ഒച്ച്
ആലപ്പുഴ: മഴയിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്നേൽ) സാന്നിധ്യം വ്യാപകം. ഇവയുടെ സ്രവങ്ങളിൽ കാണുന്ന പരാദവിര മനുഷ്യരിൽ രോഗം പടർത്തുമെന്ന് ആശങ്ക. ഇത് മനുഷ്യരിൽ മസ്തിഷ്ക ജ്വരത്തിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ അടക്കമുള്ള കാർഷിക വിളകളെ ഇവ നശിപ്പിക്കും. അതിനാൽ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കീടനീരിക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. എലി നിയന്ത്രണത്തിലെന്നപോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഇല്ലാതാക്കാന്‍ കഴിയൂ.
സാമൂഹികാരോഗ്യ പ്രശ്നമായി കണക്കാക്കി തദ്ദേശസ്ഥാപനങ്ങൾ, കൃഷി, ആരോഗ്യവകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ വിപുലമായ ബോധവത്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തണം. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്.
ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെകൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേജീവിയിൽ തന്നെയാണ്. ഒരുഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങും. അനുകൂല സാഹചര്യങ്ങളിൽ ഏഴ് മുതൽ 10വർഷം വരെ ജീവിക്കുന്ന ഇവയുടെ വംശവർധനവ് ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെൽ നിർമിതിക്ക് കൂടിയ അളവിൽ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകൾ, ചുമരുകൾ, സിമന്റ് തേച്ച സ്ഥലങ്ങൾ മുതലായ ഇടങ്ങളിൽ കൂട്ടമായി കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.