ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടക്ക് ഡി.സി.സി പ്രസിഡന്റ് അധ്യക്ഷനായ 11 അംഗ സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തി. ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കുക, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പുതിയ അധ്യക്ഷന്മാരെയും ഭാരവാഹികളെയും നിശ്ചയിക്കുക തുടങ്ങിയ ചുമതലയാണ് നൽകിയിട്ടുള്ളത്. ജില്ലയിലെ പ്രമുഖരിൽ രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനുമാണ് ഈ സമിതിയിൽ ഉൾപ്പെടാത്തത്.
ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദിനെക്കൂടാതെ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ, ജില്ലയിൽനിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ എം. മുരളി, കോശി എം.കോശി, ഡി. സുഗതൻ, ജോൺസൺ എബ്രഹാം, യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ എന്നിവരാണുള്ളത്. സമിതിയിൽ വനിത പ്രാതിനിധ്യം ഒന്നുപോലുമില്ല.
ഭാരവാഹികളുടെ എണ്ണം, പുനഃസംഘടനക്കുള്ള സമയപരിധി എന്നിവ നിർദേശങ്ങളിലില്ല. ഇവ സംബന്ധിച്ച് വേറെ നിർദേശം വന്നേക്കുമെന്നാണ് സൂചന. നിലവിലുള്ള ഡി.സി.സി ഭാരവാഹികളിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ വീണ്ടും ഭാരവാഹികളാക്കില്ല. എന്നാൽ, മികവ് പുലർത്തിയവരെ മറ്റുതലങ്ങളിൽ പരിഗണിക്കാം. മുഴുവൻ ബ്ലോക്ക് കമ്മിറ്റികളിലും പുതുമുഖങ്ങളെ പ്രസിഡന്റുമാരാക്കണം. സർക്കാർ-അർധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല എന്നിവയിൽ സ്ഥിരം ജോലിയുള്ളവരെയും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല. കെ.പി.സി.സി മെംബർമാർ, മുൻ കെ.പി.സി.സി വിശാല എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷകസംഘടന ജില്ല പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി ഭാരവാഹികളായും പ്രവർത്തിച്ചിരുന്നവർ, യൂത്ത് കോൺഗ്രസിൽ 2010ന് മുമ്പ് പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ സംഘടനയിൽ പദവികളൊന്നുമില്ലാത്ത ജില്ല ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ട്രേഡ് യൂനിയൻ രംഗത്തുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റുമാർ എന്നിവരെ ഡി.സി.സി ഭാരവാഹികൾ, ഡി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ തസ്തികകളിലേക്കു പരിഗണിക്കാം. ഒരാൾക്ക് ഒരുപദവി മാത്രമായിരിക്കും. വനിതകൾ, പട്ടികജാതി-വർഗ-പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവർ എന്നിവർക്ക് ഡി.സി.സി തലത്തിൽ മതിയായ പ്രാതിനിധ്യം നിർബന്ധമാണ്. 18 ബ്ലോക്കുകളിൽ ഒരിടത്തെങ്കിലും വനിത പ്രസിഡന്റാകണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടന കുറെയേറെ മുന്നോട്ടുപോയപ്പോഴാണ് ഇടക്കുവെച്ച് നിന്നുപോയത്. ജില്ലയിൽ ഭാരവാഹികളാകാൻ താൽപര്യമുള്ളവരിൽനിന്ന് ബയോഡേറ്റ സ്വീകരിച്ച് സൂക്ഷ്മപരിശോധന നടത്തി പട്ടിക തയാറാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പുനഃസംഘടന നിലച്ചത്. കെ.പി.സി.സി ആദ്യം നിശ്ചയിച്ച പുനഃസംഘടന സമിതിയിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ നാലുപേരെ ഉൾപ്പെടുത്തിയിരുന്നില്ല. അവരെക്കൂടി ചേർത്താണ് ആകെ 11 ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.