ആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയായതായി കലക്ടർ എ. അലക്സാണ്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമം കൂടുതൽ വേഗത്തിലാക്കാൻ കഴിഞ്ഞ തവണത്തേക്കാൾ ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇക്കുറി 2643 പോളിങ് ബൂത്താണുള്ളത്. 2016ൽ 1705 ബൂത്താണുണ്ടായിരുന്നത്. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലായി 17,68,296 വോട്ടറാണുള്ളത്. ഇതിൽ 8,43,748 പുരുഷന്മാരും 9,24,544 സ്ത്രീകളും നാല് ട്രാൻസ്ജെൻഡർമാരുമാണ്. 21,000 ഭിന്നശേഷി വോട്ടർമാർ, 80 വയസ്സിനു മുകളിലുള്ള 50807 വോട്ടർമാരും ഉൾപെടുന്നുണ്ട്. 3933 ബാലറ്റ് യൂനിറ്റുകളും 3613 കൺട്രോൾ യൂനിറ്റും 3633 വിവിപാറ്റ് യന്ത്രവും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനപശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശവും ഇക്കുറിയുണ്ടാവില്ല.
വോട്ട്യന്ത്രങ്ങളുടെ അവസാനഘട്ടപരിശോധന 13ന് നടത്തി 14 മുതൽ പോളിങ് സാമഗ്രികൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. എം-3 വോട്ട്യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ടപരിശീലനം പൂർത്തിയായി. അവസാനഘട്ട പരിശീലനം അടുത്തയാഴ്ച പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിനേഷൻ 70 ശതമാനം പൂർത്തിയാക്കി.
12 മുതൽ നാമനിർദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥികൾക്കൊപ്പം രണ്ടുപേർക്ക് മാത്രമേ പത്രിക സമർപ്പണത്തിന് എത്താനാവൂ. പ്രധാന പോളിങ് ബൂത്തുകളിൽ സ്ഥലപരിമിതി ഉണ്ടാകുന്ന ഘട്ടത്തിൽ ഉപയോഗിക്കാൻ 30 താൽക്കാലിക പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പത് വനിതസൗഹൃദ പോളിങ് ബൂത്തുകൾ, ഒമ്പത് മാതൃക പോളിങ് ബൂത്തുകൾ, 51 ക്രിറ്റിക്കല്‍ ബൂത്തുകളും 151 പ്രശ്നബാധിത ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനും ഒമ്പത് കേന്ദ്രങ്ങളും സജ്ജമാക്കി.
വാർത്തസമ്മേളനത്തിൽ ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവ്, ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) ജെ. മോബി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.അരുണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.