പെരുമ്പളം പാലത്തിന്റെ രാത്രി കാഴ്ച

പെരുമ്പളം പാലം നിത്യവിസ്മയം തുറന്നത് ഉൾനാടൻ വിനോദസഞ്ചാര വാതിൽ

കെ.ആർ. അശോകൻ

പൂച്ചാക്കൽ: പെരുമ്പളം പാലം പൂർത്തിയായതോടെ ദ്വീപു നിവാസികളുടെ സ്വപ്നം മാത്രമല്ല യാഥാർഥ്യമായത്. മഴവിൽ അഴകിൽ വിരിഞ്ഞ പെരുമ്പളം കാണാനും സമയം ചെലവഴിക്കാനും വൈകുന്നേരങ്ങളിൽ നിരവധി പേരാണ് കുടുംബസമേതം പലദിക്കുകളിൽനിന്നും എത്തുന്നത്. ഇതോടെ പെരുമ്പളം വിനോദസഞ്ചാര മേഖലകളുടെ പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയേറി. വലുപ്പത്തിന്റെയും ഭംഗിയുടെയും വിനോദ സഞ്ചാര സാധ്യതകളുടെയും കാര്യത്തിൽ സംസ്ഥാനത്തെ മറ്റു പല പാലങ്ങളെയും പിന്നിലാക്കിയിരിക്കുകയാണ് പെരുമ്പളം. ഉദ്ഘാടനം കഴിഞ്ഞിട്ടും ആരുടെയും കൗതുകം മാറുന്നില്ല. കേരളത്തിൽ കായലിൽ നിർമിച്ച പാലങ്ങളിൽ ഏറ്റവും നീളംകൂടിയ പാലം എന്നുള്ള സവിശേഷതയും പെരുമ്പളത്തെ വേറിട്ട് നിർത്തുന്നു. മൂന്ന് ബൗസ്ട്രിങ് ആർച്ചുകളും 27 സ്പാനുകളുമുള്ള പാലം എൻജിനിയറിങ് വിസ്മയമാണ്. സാങ്കേതിക മികവ് കാണാനും ആളുകൾ എത്തുന്നുണ്ട്. രാത്രി അലങ്കാരവിളക്കുകളുടെ ശോഭയിൽ വർണാഭമാകുന്ന പാലം വഴി വലിയ തോതിലുള്ള ടൂറിസം വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ ഏഴു കിലോ മീറ്ററിനുള്ളിൽ അരൂക്കുറ്റിയിൽ തമിഴ്‌നാട് സർക്കാർ നിർമിക്കുന്ന തന്തൈ പെരിയാർ സ്മാരകം പൂർത്തിയായി വരുകയാണ്. ഇതോടെ ചരിത്ര പ്രധാനമായ വൈക്കത്തെയും ബന്ധപ്പെടുത്തി ജലയാത്രക്ക് സാധ്യതയേറും. അരൂക്കുറ്റിയിൽ പുരവഞ്ചി ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ അരൂക്കുറ്റിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആലപ്പുഴയിലേക്ക് ജലയാത്ര നടത്താനാകും.

അരൂക്കുറ്റിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതോടെ പ്രാദേശിക കച്ചവട സാധ്യതകളും വർധിക്കും. അരൂക്കുറ്റിയിലുള്ള മാട്ടേൽത്തുരുത്തുകളുംകൂടി പരിഗണിച്ചുള്ള ടൂറിസം സാധ്യതയാണ് വികസിപ്പിക്കേണ്ടത്. പെരുമ്പളത്തേക്കുള്ള വാഹനഗതാഗതം വർധിക്കുന്നതോടെ, ജലയാത്രയും വികസിപ്പിക്കാൻ പദ്ധതിയൊരുക്കണം. ദ്വീപിന്റെ ചുറ്റിനുമുള്ള ബോട്ട് ജെട്ടികൾ ഇതിനായി സജ്ജമാക്കണം. ദ്വീപിൽ ലഭ്യമായ ഗ്രാമീണ വിഭവങ്ങളുടെ വിപണന സാധ്യത വർദ്ധിപ്പിക്കാൻ കഴിയണം. രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങാൻ കഴിയാത്ത ദുരിത സാഹചര്യം പാലം തുറന്നതോടെ മാറുകയാണ്. രാത്രികാല യാത്രകൾ കൂടുതൽ സാധ്യമാകുന്നതോടെ ദ്വീപിലെ ഹോംസ്റ്റേകളുടെ ആവശ്യകതയും വർധിക്കും. തുരുത്തിൽ വീതിയേറിയ റോഡുകൾ നിർമിക്കാൻ സമയമെടുക്കും. ദ്വീപിലെ കാഴ്ചകൾ കാണാൻ പഞ്ചായത്ത് കൂടുതൽ സൗകര്യം ഒരുക്കിയാൽ വൻ വികസനത്തിനാണ് വഴി തെളിക്കുക.

Tags:    
News Summary - Perumbalam Bridge: An Architectural Marvel Opens Doors to Inland Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.