വഴിയിൽകിടന്ന ഗോവിന്ദ മുട്ടം കരയുടെ കെട്ടുകാള
ഓച്ചിറ കാളകെട്ട് ഉത്സവം; ആസൂത്രണമില്ലാത്തത് കാരണം വൈദ്യുതി മുടങ്ങിയത് 24 മണിക്കൂർ
കായംകുളം: ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ച് നടന്ന കാളകെട്ട് മഹോത്സവത്തിനായി അണിയിച്ചൊരുക്കിയ നന്ദികേശൻമാർ വഴിയിൽ കിടന്നത് ചർച്ചയാകുന്നു. മുൻകൂട്ടി കൃത്യമായ ആസൂത്രണമില്ലാതെ ഭീമൻ നന്ദികേശന്മാരെ നിർമിച്ചതാണ് യാത്ര തടസ്സത്തിനും ദുരിതത്തിനും കാരണമായത്. റോഡിന്റെ വീതിയും വളവുകളും വൈദ്യുത ലൈനുകളുടെ ഉയരവും കണക്കാക്കാതെയായിരുന്നു നിർമാണം എന്നായിരുന്നു ആക്ഷേപം. ഇത് കാരണം 24 മണിക്കൂറിലധികം വൈദ്യുതി തടസ്സപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
ബുധനാഴ്ച രാത്രിയോടെ ഓച്ചിറ പടനിലത്ത് എത്തേണ്ടിയിരുന്ന പല കാളകെട്ടുകളും വ്യാഴാഴ്ച രാത്രിയോടെയാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്. ചില കാളകളെ സമയത്തിന് എത്തിക്കാൻ പോലും സാധിച്ചില്ല. 24 മണിക്കൂറോളം വൈദ്യുതി മുടങ്ങിയതോടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇൻസുലിൻ അടക്കമുള്ള ജീവൻരക്ഷ മരുന്നുകളും ഭക്ഷണസാധനങ്ങളും നശിക്കുകയും കുടിവെള്ള വിതരണവും ഇന്റർനെറ്റ് ജോലികളും തടസ്സപ്പെടുകയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആഘോഷങ്ങളും പാരമ്പര്യവും നിലനിൽക്കണമെന്നും എന്നാൽ കരകൾ തമ്മിലുള്ള മത്സരബുദ്ധി ജനജീവിതം സ്തംഭിപ്പിച്ച് കൊണ്ടാകരുതെന്നുമാണ് ചർച്ച. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കാള നിർമാണത്തിന് മുമ്പ് യാത്രമാർഗത്തിലെ റോഡിന്റെ വീതിയും ലൈനുകളുടെ ഉയരവും പരിശോധിക്കുക, യാത്രാ സമയക്രമം കൃത്യമായി നിശ്ചയിക്കുക എന്നീ ശാസ്ത്രീയ മാനദണ്ഡങ്ങൾ വരുംവർഷങ്ങളിൽ കൊണ്ടുവരണമെന്ന നിർദേശവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.