ആലപ്പുഴ: കനത്ത വേനൽചൂടിനൊപ്പം എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ജില്ലയിൽ എസ്.എസ്.എൽ.സിക്ക് 21,144 പേരാണ് പരീക്ഷ എഴുതുന്നത്. 11,016 ആൺകുട്ടികളും 10,128 പെൺകുട്ടികളും ഭിന്നശേഷി വിഭാഗത്തിൽനിന്ന് 632 കുട്ടികളും പരീക്ഷയെഴുതും. 54 പേർ സഹായിയെ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 26ന് പരീക്ഷ അവസാനിക്കും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 6671. കുറവ് കുട്ടനാട്. 1926പേർ. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ 6287ഉം ചേർത്തലയിൽ 6,280 വിദ്യാർഥികളും പരീക്ഷയെഴുതും. ചോദ്യപേപ്പറുകൾ പരീക്ഷ ദിവസങ്ങളിൽ അതത് കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. മേൽനോട്ടത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് തലത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചു. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4.15 വരെയാണ്. 26ന് അവസാനിക്കും. വേനൽ കനത്തതോടെ വിദ്യാർഥികൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.
പേടിക്കാതെ പരീക്ഷയെ കൂളായി നേരിടണം. പകൽ സമയങ്ങളിൽ പഠിക്കാനും രാത്രി കാലങ്ങളിൽ നന്നായി ഉറങ്ങാനും സമയം കണ്ടെത്തണം. കുറഞ്ഞത് ആറു മണിക്കൂർ തുടർച്ചയായി ഉറങ്ങിയാൽ മാത്രമേ ഏകാഗ്രതയോടെ പഠിക്കാൻ സാധിക്കുകയുള്ളൂ. ഉറക്കമിളച്ചുള്ള പഠനം ദോഷം ചെയ്യും. ഒപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധവേണം. സമയത്ത് ഭക്ഷണം കഴിക്കണം. വേനലായതിനാൽ ധാരാളം വെള്ളവും കുടിക്കണം. വീടുകളിൽ കുട്ടികൾക്ക് സമാധാനഅന്തരീക്ഷം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചിട്ടപ്പെടുത്തി പഠിക്കുന്നതിനും ഇടവേളകളിൽ വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഈ കാലയളവിൽ വീട്ടിൽ തന്നെ തയാറാക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുക.
പ്രധാനമായും ഹാൾ ടിക്കറ്റ് സൂക്ഷിക്കണം. മഷിയുള്ള നന്നായി തെളിയുന്ന പതിവായി എഴുതിശീലമുള്ള പേന കരുതണം. ഇൻസ്ട്രുമെന്റ് ബോക്സ് കരുതുക. രജിസ്റ്റർ നമ്പർ തെറ്റാതെ അക്കത്തിലും അക്ഷരത്തിലും എഴുതി പരിശീലിക്കണം. അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക. ചോദ്യനമ്പർ ശരിയാണെന്ന് ഉറപ്പാക്കുക. അധികം ഉത്തരക്കടലാസ് വാങ്ങുന്നവർ എഴുതിത്തുടങ്ങുന്നതിന് മുമ്പേ പേജ് നമ്പരിടുക. മാർക്കിന് അനുസരിച്ച് മാത്രം ഉത്തരം എഴുതുക. അര പേജിൽ ഉത്തരം എഴുതേണ്ട ചോദ്യങ്ങൾക്ക് ഒരുപേജിൽ കൂടുതൽ എഴുതിയാൽ മറ്റ് ഉത്തരങ്ങൾ എഴുതാൻ സമയംകിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.