ജനകീയ ഉത്സവമാക്കാൻ നഗരസഭയുടെ ഘോഷയാത്ര
ആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇ.എം.എസ് സ്റ്റേഡിയം രണ്ടാംഘട്ട നിർമാണോദ്ഘാടനം ഈമാസം 27ന് വൈകീട്ട് അഞ്ചിന് കായികമന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ഇത് ജനകീയ ഉത്സവമാക്കാൻ വൈകീട്ട് നാലിന് നഗരസഭയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കായികതാരങ്ങളുടെയും കായികപ്രേമികളുടെയും അകമ്പടിയോടെ വർണാഭമായ ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും നടത്തും.
ഫുട്ബാൾ അടക്കമുള്ള മത്സരങ്ങൾക്കും കായികതാരങ്ങളുടെ ട്രാക്കും ഫീൽഡും ഒരുക്കി കളിയാരവം തീർക്കേണ്ട ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളായി. നഗരസഭയും സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലം സംബന്ധിച്ച തർക്കവും നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമായി. നിലവിൽ സ്റ്റേഡിയത്തിന്റെ ട്രാക്കും ഗാലറി അടക്കമുള്ള ഇരിപ്പിടങ്ങളും പൂർണമായും നശിച്ചു.
കായികവകുപ്പിന്റെ സഹകരണത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് സ്റ്റേഡിയത്തിന്റെ നവീകരണം. സ്റ്റേഡിയത്തിന്റെ സിവിൽ വർക്കുകൾക്കും ട്രാക്കിൽ ഉന്നത നിലവാരത്തിലെ പുല്ല് വെച്ചുപിടിപ്പിക്കാനും അന്തർദേശീയ നിലവാരത്തിലെ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള പദ്ധതിയുടെ നിർമാണച്ചുമതല കിറ്റ്കോ ലിമിറ്റഡിനാണ്. രാജ്യാന്തര നിലവാരത്തിൽ എട്ടുവരി ട്രാക്കോടുകൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ടർഫ് ഫുട്ബാൾ മൈതാനം, ഫെൻസിങ്, ഡ്രെയിനേജ്, വൈദ്യുതീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്.
ആദ്യഭാഗത്ത് ചില കടമുറികൾ നവീകരിച്ച് കളിക്കാർക്കുള്ള ഡ്രസിങ് റൂമുകൾ, ശുചിമുറികൾ എന്നിവയും ഓട്ടോമാറ്റിക് സ്പ്രിൻക്ലർ സിസ്റ്റം വർക്കുകളും നാച്വറൽ ടർഫ് ഫിഫ സ്റ്റാൻഡേഡ് ഫുട്ബാൾ ഗ്രൗണ്ടും നിർമിക്കും. ഇതിന് 4.5 കോടിയാണ് അടങ്കൽ. രണ്ടാം ഭാഗത്ത് എട്ട് ലൈനിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കും ലോങ് ജംപ് പിറ്റും ത്രോ ഇവന്റ് നടത്താനുള്ള പിച്ചും നിർമിക്കും. 6.42 കോടിയാണ് അടങ്കൽ. ആകെ 10.92 കോടിയാണ് രണ്ടാംഘട്ട നിർമാണ ചെലവ്. പദ്ധതി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. കായികതാരങ്ങൾക്ക് ട്രാക്കിലും ഫീൽഡിലും പരിശീലനം നൽകാനും മികച്ച ഫുട്ബാൾ താരങ്ങളെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2006ൽ പി.പി. ചിത്തരഞ്ജൻ ചെയർമാനായിരുന്ന കാലത്ത് 14.5 കോടി മുടക്കിയാണ് ഒന്നാംഘട്ട പ്രവർത്തനം തുടങ്ങിയത്. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർനടപടിയുണ്ടായില്ല. 2017ൽ കിഫ്ബിയിലൂടെ 8.62 കോടിയുടെ നവീകരണത്തിന് ഭരണാനുമതി കിട്ടിയെങ്കിലും നടപടിയുണ്ടായില്ല.
നഗരസഭ കൗണ്‍സിൽ ഹാളില്‍ എച്ച്. സലാം എം.എൽ.എയുടെ സാന്നിധ്യത്തില്‍ സ്വാഗതസംഘ യോഗം ചേർന്നു. നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ്, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, എ. ഷാനവാസ്, ആര്. വിനിത, എം.ആര്. പ്രേം, നസീർ പുന്നക്കല്‍, ബി. അജേഷ്, എ.എസ്. കവിത, നജിത ഹാരിസ്, ക്ലാരമ്മ പീറ്റര്‍, പി.ജെ. ജോസഫ്, വി.ജി. വിഷ്ണു, സി.ടി. സോജി, കുര്യന് ജയിംസ്, വിനോദ്കുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.