വള്ളംകളി
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് റെക്കോഡ് വരുമാനം. പ്രതീക്ഷ 4.5 കോടി. മൂന്ന് കോടി ചെലവ് പ്രതീക്ഷിച്ചിറങ്ങിയ സംഘാടകരുടെ കണക്കുകൂട്ടൽ ഞെട്ടിച്ചാണ് സ്പോൺസർഷിപ്പിലൂടെ വരുമാനം വർധിച്ചത്. സംസ്ഥാനവിനോദ സഞ്ചാരവകുപ്പിൽനിന്ന് ഒരുകോടിയും കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിൽനിന്ന് 50 ലക്ഷവും ഗ്രാന്റായി ലഭിക്കും. ഇതിന് പുറമേ 80 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റ് വിൽപനയാണ് പ്രതീക്ഷിക്കുന്നത്.
ഓണക്കാലമായതിനാൽ ഒരുകോടിയുടെ വരെ ടിക്കറ്റ് വിൽപനയുണ്ടാകുമെന്നാണ് പ്രതീക്ഷ. പരസ്യവരുമാനത്തിൽനിന്ന് മാത്രം രണ്ടുകോടി കിട്ടുമെന്നാണ് കണക്കുകൂട്ടൽ. ടൈറ്റിൽസ് സ്പോൺസർഷിപ്പിന് മാത്രം 40ലക്ഷം കിട്ടി. കർണാടയിലെ വിവിധകമ്പനികളിൽനിന്ന് 55ലക്ഷവും കാർകമ്പനിയിൽനിന്ന് 25ലക്ഷവും റിലയൻസ് ഗ്രൂപ്പിൽനിന്ന് 17ലക്ഷവും ഓഫറുകളുണ്ട്. ഇതിനൊപ്പം ബാങ്കുകളുടേതടക്കം വിവിധ കമ്പനികളുടെയും പരസ്യവും കിട്ടിയിട്ടുണ്ട്.
നിലവിൽ 1.51 കോടി രൂപയാണ് പരസ്യഇനത്തിൽ മാത്രം ലഭിച്ചത്. ഇനിയും അരക്കോടിയിലേറെ രൂപ ലഭിക്കാനുണ്ട്. നെഹ്റുട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും തുക പരസ്യവരുമാനത്തിലൂടെ കിട്ടുന്നത്. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്ക് മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫിസുകൾവഴിയും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപന നടത്തുന്നുണ്ട്. ഫെഡറൽബാങ്ക്, എസ്.ബി.ഐ, കരൂർ വൈശ്യ എന്നിവയുടെ പേയ്മെന്റ് ഗേറ്റ് വേ സംവിധാനവുമുണ്ട്.
വള്ളംകളി കാണാനെത്തുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ കൂടുതൽ ബോട്ടുകളും കെ.എസ്.ആർ.ടി.സി ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സർവിസുകളുണ്ടാകും. ഇതിനുപുറമേ വള്ളംകളി കാണാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേകപാക്കേജ് സംവിധാനവും ഹെൽപ് ഡെസ്കുമുണ്ട്.
ആലപ്പുഴ: പരസ്യവരുമാനത്തിലടക്കം വർധനവുണ്ടായതോടെ നെഹ്റുട്രോഫി വള്ളംകളിയുടെ ഇത്തവണത്തെ ബോണസ് അഡ്വാൻസ് വിതരണം തുടങ്ങി. ചുണ്ടനുകൾക്ക് ഒരുലക്ഷവും ചെറുവള്ളങ്ങൾക്ക് 25,000 വീതമാണ് നൽകുന്നത്. ബോണസ് വിതരണം രണ്ടുദിവസത്തിനകം പൂർത്തിയാക്കും. ക്ലബുകളുടെയും വള്ളസമിതിയുടെയും നീണ്ടനാളത്തെ ആവശ്യങ്ങൾക്കെടുവിലാണ് വള്ളംകളിക്ക് മുമ്പേ വിതരണം തുടങ്ങിയത്. ഓണത്തിന് മുമ്പ് മുഴുവൻ തുകയും കൊടുക്കുന്ന രീതിയിലാണ് ക്രമീകരണം. ജഴ്സി, വള്ളങ്ങളുടെ നമ്പർ പ്ലേറ്റ്, ഐഡി കാർഡ് എന്നിവയുടെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.
ആലപ്പുഴ: ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ജലോത്സവം നടത്തുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ക്ക് നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്കി. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് വിൽപന നടത്തുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളം, ലെയ്സ്, തുടങ്ങിയ നിയന്ത്രണമുള്ള സാധനങ്ങള്‍ വില്ക്കുമ്പോള് ഉപഭോക്താക്കള്‍ക്ക് സ്റ്റിക്കര്‍ പതിച്ച് 20 രൂപ വാങ്ങി സാധനങ്ങള്‍ വാങ്ങാനും ജലോത്സവം കഴിഞ്ഞ് ബോട്ടിലുകള്‍ തിരികെ നല്കുമ്പോള് ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ വഴി തുക തിരികെ നല്കുന്നതിനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയത്.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. വള്ളംകളിയുടെ ചരിത്രം, ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, മുൻകാല വിജയികൾ, ട്രാക്ക് ആൻഡ് ഹീറ്റ്സ് തുടങ്ങി നിരവധി വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആലപ്പുഴ ഐ.ടി മിഷന്റെ സഹകരണത്തോടെ പുറത്തിറക്കിയ അപ്ലിക്കേഷൻ ഇപ്പോൾ Google Play Storeൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.