ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ചേർത്തല നഗരത്തിൽ രൂക്ഷമാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയപാത, റെയിൽവേ അധികൃതരും നഗരസഭ അധ്യക്ഷൻ എസ്. സോബിന്റെ നേതൃത്വത്തിൽ കൗൺസിലർമാരുമായി ചർച്ച നടത്തുന്നു
ചേർത്തല: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നഗരത്തിൽ രൂക്ഷമാകുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കണ്ടെത്താൻ ചേർത്തല നഗരസഭ നിർണായക നടപടിയിലേക്ക്. നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ പ്രശ്നബാധിത മേഖലകളിൽ ദേശീയപാത അധികൃതരും നഗരസഭ എൻജിനീയറിങ് വിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്താൻ തീരുമാനമായി.
നഗരസഭ ചെയർപേഴ്സൺ എസ്. സോബിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പ്രശ്നങ്ങളുടെ പശ്ചാത്തലവും ഗുരുതരാവസ്ഥയും നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് അവതരിപ്പിച്ചു. എക്‌സ്-റേ ജങ്ഷൻ, ദീപിക ജങ്ഷൻ, വല്ലയിൽ പ്രദേശം, റെയിൽവേ സ്റ്റേഷൻ പരിസരം, കാർത്യായനി റസ്റ്റാറന്‍റിന് സമീപം തുടങ്ങിയ മേഖലകൾ ഗുരുതര വെള്ളക്കെട്ട് ഭീഷണി നേരിടുന്ന പ്രധാന കേന്ദ്രങ്ങളാണെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലപരവുമായ പരിഹാരം കണ്ടെത്തുന്നതിന് ശനിയാഴ്ച എൻ.എച്ച്.എ.ഐയും നഗരസഭയും ചേർന്ന് സംയുക്തമായി സൈറ്റ് സന്ദർശനം നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ വത്സലകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. സനീഷ്, ടോമി എബ്രഹാം, കൗൺസിലർമാരായ കെ.സി. ആൻറണി, അഖിൽ, കെ.എസ്. സലിം, ആർ. അർച്ചന, ടെസി ബോണി, റസിയ എന്നിവരും എൻ.എച്ച്.എ.ഐയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടിവ് എൻജിനീയർ രാംകുമാർ, ദേശീയപാത കരാർ കമ്പനി പ്രതിനിധി സന്തോഷ് എന്നിവരും റെയിൽവേയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ മാസ്റ്റർ രേഷ്മോൻ, ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഷമ്മി ജോസഫ് കോയിക്കര, എസ്. ശിവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.