കായംകുളത്തെ കൊച്ചുണ്ണി സ്മാരക ഓഡിറ്റോറിയം
കായംകുളം: കായംകുളം കൊച്ചുണ്ണിക്ക് ഒന്നര നൂറ്റാണ്ടിനിപ്പുറം കായംകുളത്ത് സ്മാരകമാകുന്നു. കൊച്ചുണ്ണിയെ നാട് ആദ്യമായി അംഗീകരിച്ചുവെന്നതാണ് ശ്രദ്ധേയം. കായലോരത്തെ നവീകരിച്ച ഓഡിറ്റോറിയത്തിനാണ് കൊച്ചുണ്ണിയുടെ പേര് വീണത്. യു. പ്രതിഭ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നവീകരിച്ചത്.
ലോകമെങ്ങും കൊച്ചുണ്ണിയുടെ പേരിൽ അറിയപ്പെടുന്ന നാട്ടിൽ അദ്ദേഹത്തിന്റേതായ സ്മാരകം ഇതുവരെയും ഉണ്ടായില്ലായെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 19ാം നൂറ്റാണ്ടിലായിരുന്നു കായംകുളത്ത് കൊച്ചുണ്ണിയുടെ തസ്കര വിളയാട്ടം അരങ്ങേറിയത്. നീതിയുടെ പക്ഷം ചേർന്ന കള്ളൻ എന്നതാണ് കൊച്ചുണ്ണിയെ പ്രശസ്തനാക്കിയത്.
ജന്മിമാരുടെ ക്രൂരതകൾക്കിരയായവർക്ക് രക്ഷകനായതും സ്വീകാര്യത വർധിപ്പിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ വിവരണങ്ങളും വാമൊഴി കഥകളും കേരളീയരുടെ ഓർമകളിൽ കൊച്ചുണ്ണിയെ ഇതിഹാസ കഥാപാത്രമാക്കി.
1859ൽ ജയിലിൽ വെച്ച് മരണപ്പെടുമ്പോൾ 41 വയസ്സായിരുന്നു. പേട്ട ജുമാമസ്ജിദിലായിരുന്നു ഖബറടക്കിയതെന്നാണ് പറയുന്നത്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്ക് സമീപം കാരംവേലിക്കടുത്ത് ഇടപ്പാറ മലദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയുടേതാണ്.
166 വർഷങ്ങൾക്കിപ്പുറം ഓഡിറ്റോറിയത്തിനെങ്കിലും കൊച്ചുണ്ണിയുടെ നാമം പതിപ്പിച്ചത് ജനങ്ങളിൽ ഏറെ സന്തോഷത്തിന് കാരണമാകുകയാണ്. കഴിഞ്ഞ വർഷം ജൂണിലാണ് കൊച്ചുണ്ണിക്ക് സ്മാരകം എന്ന ചിന്തക്ക് യു. പ്രതിഭ എം.എൽ.എ സമൂഹമാധ്യമത്തിലൂടെ തുടക്കം കുറിച്ചത്. അതേസമയം, ഇദ്ദേഹത്തിന് ഉചിതമായ സ്മാരകം സ്ഥാപിക്കുന്നതിൽനിന്ന് നഗര ഭരണക്കാർ വിമുഖത കാട്ടുന്നതും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.