രാജു അപ്സര
കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ യു.ഡി.എഫിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മത്സരിക്കുമെന്ന ചർച്ച സജീവം. സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയാണ് സീറ്റ് ലക്ഷ്യമാക്കി മണ്ഡലത്തിൽ സജീവമായത്. യു.ഡി.എഫ് നേതൃത്വവുമായി ഇതുസംബന്ധിച്ച് ധാരണയായതായി അടുപ്പക്കാരോട് രാജു പങ്കുവെച്ചതോടെയാണ് ചർച്ചകളും സജീവമായി.
വിദ്യാർഥി രാഷ്ട്രീയകാലം മുതലുള്ള കോൺഗ്രസ് പശ്ചാത്തലവും ഡി.സി.സി മെംബറായി പ്രവർത്തിച്ച അനുഭവവും നേതാക്കളുമായുള്ള ബന്ധവും അനുകൂലകമാകുമെന്നാണ് രാജുവിന്റെ കണക്കുകൂട്ടൽ. സ്ഥാനാർഥിത്വ ചർച്ചസജീവമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പോർമുഖവും തുറന്നിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഇ. സമീർ, അഡ്വ. കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജ് എന്നിവരാണ് സ്ഥാനാർഥിത്വത്തിനായി കോൺഗ്രസ് ക്യാമ്പിൽ ഉയരുന്ന പേരുകൾ. എന്നാൽ, സംഘടന കരുത്തുള്ള വ്യാപാരി സംഘടനയെ സംസ്ഥാനത്താകെ ഒപ്പം കൂട്ടാൻ അവർക്ക് പ്രാതിനിധ്യം നൽകണമെന്ന ചർച്ച യു.ഡി.എഫിനുള്ളിലുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാജുവിന്റെ പേര് കായംകുളത്ത് ഉയരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാൽ, മണ്ഡലം വ്യാപാരി സംഘടനക്ക് കൈമാറുന്നതിൽ കോൺഗ്രസിനുള്ളിൽ ചേരിതിരിവ് രൂക്ഷമാണ്. എൽ.ഡി.എഫിലാകട്ടെ വിജയസാധ്യത മുൻനിർത്തി യു. പ്രതിഭ എം.എൽ.എ വീണ്ടും മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രട്ടറി ആര്. നാസർ, കൺട്രോൾ കമീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് തുടങ്ങിയവരുടെ പേരുകളും ഉയരുന്നു.
എൻ.ഡി.എക്കായി ശോഭ സുരേന്ദ്രൻ രംഗത്തിറങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. എന്നാൽ, ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് അവർ പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച മുന്നേറ്റമാണ് ശോഭ സുരേന്ദ്രന് കായംകുളത്തോടുള്ള താൽപര്യത്തിന് കാരണം. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മേധാവിത്വം തിരികെ പിടിച്ചത് ബി.ജെ.പിയുടെ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്ന ഘടകമാണ്. അന്ന് കൈവിട്ട പത്തിയൂരും ചെട്ടികുളങ്ങരയും അടക്കമുള്ള പഞ്ചായത്തുകളിൽ വൻമുന്നേറ്റമാണ് ഇടതുപക്ഷം കാഴ്ചവെച്ചത്.
നഗരസഭയിൽ മാത്രമാണ് യു.ഡി.എഫിന് കാര്യമായി മുന്നേറാനായത്. ഈ സാഹചര്യത്തിൽ രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷം കുത്തകയാക്കിയ മണ്ഡലം തിരികെ പിടിക്കുകയെന്നത് യു.ഡി.എഫിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഇടതിനെയും എൻ.ഡി.എയെയും ഒരുപോലെ നേരിടാൻ കരുത്തുള്ള സ്ഥാനാർഥിയല്ലെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പ്രവർത്തകർ നൽകുന്നത്. സമുദായ സമവാക്യങ്ങൾ ബാധിക്കാത്ത പൊതുജന സ്വീകാര്യതയുള്ള സ്ഥാനാർഥിയെന്നതും യു.ഡി.എഫ് നേരിടുന്ന പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.