പ്രതീകാത്മക ചിത്രം

ഇടത് കുത്തക തകർന്ന് കായംകുളം

കായംകുളം: ഇടതുമുന്നണിയുടെ കുത്തക തകർത്ത് നഗര ഭരണം യു.ഡി.എഫ് തിരികെ പിടിച്ചെങ്കിലും വിജയത്തിന് തിളക്കം കുറവ്. ചെയർമാൻ സ്ഥാനാർഥിയടക്കമുള്ളവരുടെ പരാജയവും സീറ്റുകളിൽ കാര്യമായ വർധന നേടാൻ കഴിയാത്തതും വിജയ തിളക്കത്തിലും തിരിച്ചടിയായി. 45ൽ 21 വാർഡുകളാണ് യു.ഡി.എഫിന് ലഭിച്ചത്. നിലവിലെ ഭരണകക്ഷിയായ എൽ.ഡി.എഫ് 23ൽ നിന്ന് 14 ലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണത്തെ 18ൽ നിന്നും മൂന്ന് വാർഡുകൾ മാത്രമെ യു.ഡി.എഫിന് അധികമായി നേടാനായുള്ളു. അതേസമയം മൂന്ന് കോൺഗ്രസ് വിമതർ ജയിച്ചു.

മുന്നണിയുടെ മുന്നേറ്റത്തിനിടയിലും കഴിഞ്ഞതവണ നാല് സീറ്റുകളുണ്ടായിരുന്ന മുസ്ലിം ലീഗ് രണ്ടിലേക്ക് ചുരുങ്ങി. യു.ഡി.എഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിരുന്ന ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബിദു രാഘവൻ മത്സരിച്ച വാർഡിൽ കോൺഗ്രസ് വിമതൻ ഷാനവാസാണ് വിജയിച്ചത്. ചെയർമാൻ സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ മുസ്ലിം ലീഗിലെ ശരത്കുമാർ ബെല്ലാരിക്ക് ഇതോടെ അപ്രതീക്ഷിതമായി പദവി തേടിയെത്തുകയാണ്.

സ്ഥാനാർഥിക്ക് സുരക്ഷിത സീറ്റ് നൽകുന്നതിൽ സംഭവിച്ച വീഴ്ച പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് കാരണമാകും. ഇതോടൊപ്പം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റും യു.ഡി.എഫ് ചെയർമാനുമായ എ. ഇർഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരും സിറ്റിങ് കൗൺസിലറുമായിരുന്ന എ.പി. ഷാജഹാൻ, കെ. പുഷ്പദാസ്, ലീഗിലെ സിറ്റിങ് കൗൺസിലർ നവാസ് മുണ്ടകത്തിൽ എന്നിവരുടെ പരാജയവും തിരിച്ചടിയായി. കെ.പി.സി.സി അംഗം അഡ്വ. യു. മുഹമ്മദ്, നിലവിലെ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ചെയർമാൻ സി.എസ്. ബാഷ എന്നിവരാണ് യു.ഡി.എഫ് പക്ഷത്ത് നിന്നു വിജയിച്ച പ്രമുഖർ.

ഭരണം നഷ്ടപ്പെട്ടതും പ്രമുഖരുടെ ദയനീയ തോൽവിയും ഇടതുപക്ഷത്തിനും ആഘാതമായി. മുൻ ചെയർമാനും ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. എൻ. ശിവദാസൻ, നിലവിലെ നഗരസഭ ചെയർപേഴ്സന്‍റെ ഭർത്താവും ഏരിയ സെന്‍റർ അംഗവുമായ പി. അരവിന്ദാക്ഷൻ, ഏരിയ കമ്മിറ്റി അംഗവും ചെയർമാൻ സ്ഥാനാർഥിയുമായിരുന്ന സി.എ. അഖിൽകുമാർ, എൽ.സി. സെക്രട്ടറിയായിരുന്ന കെ. ശിവപ്രസാദ് എന്നിവരാണ് ഇടതു നിരയിൽ അടിതെറ്റിയത്. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളാണ് മിക്കയിടത്തും പരാജയത്തിന് കാരണമായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിലവിൽ സ്ഥിരം സമിതി അധ്യക്ഷയായ ഷാമില അനിമോൻ 25 ാം വാർഡിൽ നിന്നു വിമതയായി ജയിച്ച് കയറിയതും ചർച്ചയാകും.

എൻ.ഡി.എ അംഗബലം മൂന്നിൽ നിന്നു അഞ്ചായി ഉയർന്നു. വെൽഫെയർ പാർട്ടി അക്കൗണ്ട് തുറന്നുവെന്ന പ്രത്യേകതയുമുണ്ട്. മണ്ഡലം പ്രസിഡന്‍റ് മുബീർ എസ്. ഓടനാട് ഒന്നാം വാർഡിൽ ലീഗിലെ എ. ഇർഷാദിനെയാണ് പരാജയപ്പെടുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ല പ്രസിഡന്‍റ് നുജുമുദ്ദീൻ ആലുംമൂട്ടിൽ 26 ാം വാർഡിൽനിന്നു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടത് ഇരുമുന്നണികൾക്കും തിരിച്ചടിയായി. രണ്ട് മുന്നണികളും തഴഞ്ഞതാണ് സ്വതന്ത്രനാകാൻ കാരണമായത്.

Tags:    
News Summary - Left monopoly broken in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.