ശ്യാം
കായംകുളം: യുവാവിനെ കുടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്വട്ടേഷൻ ഇടപാടിന് ഉപയോഗപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ താറാവ് ശ്യാമാണ് (ശ്യാംലാൽ -29) പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ സംഗീതിനെ കുടുക്കാനായി നടത്തിയ ഇടപാടാണ് പാളിയത്.ഇതിനായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം മാരക മയക്കുമരുന്ന് നൽകി സംഗീതിനെ കുടുക്കാനായിരുന്നു നീക്കം. കഴിഞ്ഞ വർഷം ഡിസംബർ 30 ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മാരക മയക്കുമരുന്നായ 230 മില്ലിഗ്രാം എൽ.എസ്. ജി.ഡി സ്റ്റാമ്പുമായി പൊലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സംഗീത് നൽകിയതാണെന്നായിരുന്നു മൊഴി. സംഗീതിനെ കുടുക്കാനായി ചേപ്പാട് സ്വദേശി രാഘിൽ 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ താറാവ് ശ്യാമിന് നൽകുകയായിരുന്നു.ഇതനുസരിച്ച് കുട്ടിയെ ഐഫോൺ വാഗ്ദാനം ചെയ്താണ് കുറ്റകൃത്യത്തിനായി ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ ബന്ധിപ്പിക്കാനായി സംഗീത് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീടിന് സമീപവും ചവറയിലെ ബന്ധുവീടിന് സമീപവും എത്തി കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും വിളിപ്പിച്ചിരുന്നു.
സ്ഥലത്തെ സംഗീതിന്റെ സാന്നിധ്യവും ഫോൺ ബന്ധവും ഉറപ്പിച്ച ശേഷമാണ് കുട്ടിയുടെ കൈയിൽ മയക്കുമരുന്ന് നൽകി പൊലീസിന്റെ പിടിയിലാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഗീതിനെ പിടികൂടി. കൂടുതൽ ചോദ്യം ചെയ്തതോടെ മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്റെ ചുരുളഴിഞ്ഞത്. തുടർന്ന് രാഘിലിനെ പിടികൂടി. താറാവ് ശ്യാം ഒളിവിൽ പോവുകയുമായിരുന്നു.തുടർന്ന് അനുയായികളുടെ പിറന്നാൾ ആഘോഷളുടെ ചിത്രങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
പാലക്കാട് ജില്ലയിലെ പാമ്പള്ളം ടോൾ പ്ലാസയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ നായരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ബിനുകുമാർ, സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ റെജി, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, ഷാനവാസ്, ഷാൻ എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്യാമിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.