കരുവാറ്റയിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് തകർന്ന കാർ
ആലപ്പുഴ: കുഞ്ഞിന് ചോറൂണിനായി പോയ കുടുംബം അപകടത്തിൽപെട്ടു. ദേശീയപാതയിൽ കരുവാറ്റയിൽ മുത്തശ്ശിയുടെ ജീവനെടുത്ത വാഹനാപകടത്തിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞ് പോറലേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ ആശ്രമം വാർഡ് നടുവിലേപറമ്പിൽ വീട് പരേതനായ രാമൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മയാണ് (72) മരിച്ചത്. സരസ്വതിയമ്മയുടെ മകൾ ശ്രീകല (47), ഭർത്താവ് രാജഗോപാൽ (48), മൂത്തമകൻ അഭിലാഷ് (22) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ശ്രീകലയുടെ മകൻ അഭിരാമന്റെ (ഒമ്പതുമാസം) ചോറൂണ് നടത്താൻ മണ്ണാറശാല ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്നു കുടുംബം. ആലപ്പുഴയിൽനിന്ന് പുലർച്ചയാണ് ചോറൂണ് ചടങ്ങിനായി പുറപ്പെട്ടത്. പിന്നീടാണ് ദുരന്തവാർത്ത നാടറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ എട്ടിന് കരുവാറ്റയിലെ പവർഹൗസിന് സമീപമായിരുന്നു അപകടം. പെട്രോൾ നിറച്ചശേഷം പമ്പിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ച രാജഗോപാലിന്റെ പരിക്ക് ഗുരുതരമാണ്.
തലക്കും നെഞ്ചിലും പരിക്കേറ്റ ഇയാളെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്. നിർത്താൻ ശ്രമിച്ചെങ്കിലും കാറിലും തൊട്ടുമുന്നിലും പോയ പിക്അപ് വാനിലും ഇടിച്ചു.
അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരായ 20 പേർക്കും പിക്അപ് വാൻ ഡ്രൈവർക്കും പരിക്കേറ്റു. ബസിലുണ്ടായിരുന്ന പലരുടെയും തല കമ്പിയിൽ ഇടിച്ചാണ് പരിക്കേറ്റത്. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.