ആലപ്പുഴ: ‘മാധ്യമം’ വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമീഷന്റെയും ബാലാവകാശ കമീഷന്റെയും ഇടപെടലിൽ വയോധികരായ കുടുംബത്തിന് വെള്ളക്കെട്ടില്ലാതെ സ്വസ്ഥമായി കഴിയാൻ അവസരമൊരുങ്ങി. പുറക്കാട് പഞ്ചായത്ത് 11ാം വാർഡിൽ ഷമീർ മൻസിലിൽ ഷെരീഫും കുടുംബവുമാണ് വെള്ളക്കെട്ടിന്റെ കഴിഞ്ഞിരുന്നത്. ഇവർ താമസിക്കുന്ന പ്രദേശത്തുനിന്ന് വെള്ളം ചെറിയതോട്ടിലൂടെ 150 മീറ്ററോളം അകലെയുള്ള പൊതുതോട്ടിലേക്ക് ഒഴുകിമാറിയിരുന്നതാണ്.
ചെറിയതോട് സമീപവാസികൾ കൈയേറി നികത്തിയതോടെ വീടിന്റെ ചുറ്റും മലിനജലത്തിൽ മുങ്ങും. നാലുവർഷമായി ഇവരുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ ഇവരുടെ ദുരിതം വിവരിച്ച് ‘വെള്ളക്കെട്ടില്ലാതെ കഴിയാനുള്ള അവകാശത്തിനായി ഒരു കുടുംബം’ തലക്കെട്ടിൽ മാധ്യമം വാർത്ത നൽകിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷന്റെയും ബാലാവകാശ കമീഷന്റെയും ഇടപെടലുണ്ടായത്.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കും പ്രശ്നപരിഹാരത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർക്ക് കമീഷൻ നിർദേശം നൽകി. പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി സ്വീകരിക്കാൻ പുറക്കാട് ഗ്രാമപഞ്ചായത്തിലെ അസി. എൻജിനീയറെ ചുമതലപ്പെടുത്തി. നികത്തിയ തണ്ണീർത്തടവും ചെറുതോടുകളും പുനഃസ്ഥാപിക്കണമെന്ന് പഞ്ചായത്ത് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചു.
തുടർന്ന് പ്രദേശത്തെ തണ്ണീർത്തടം, അനുബന്ധതോട്, ഇടത്തോട് എന്നിവയുടെ റവന്യൂ രേഖകൾ പ്രകാരമുള്ള അളവിൽ കൈയേറ്റം ഒഴിപ്പിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാൻ തഹസിൽദാർക്ക് നിർദേശം നൽകി. അടിയന്തരമായി പ്രശ്ന പരിഹാരം ഉണ്ടാക്കുന്നതിന് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, ഭൂരേഖ വിഭാഗം അമ്പലപ്പുഴ തഹസിൽദാർ എന്നിവർക്ക് കർശനനിർദേശവും നൽകി.
70 വർഷമായി ഷെരീഫും കുടുംബവും ഇവിടുത്തെ സ്ഥിരതാമസക്കാരാണ്. 70 വയസ്സുള്ള ഷെരീഫ്, ഭാര്യ സൈനബ ബീവി, മകൻ ഷെമീർ, മരുമകൾ ജുബീന, ഇവരുടെ രണ്ട് മക്കൾ, മകൾ സഫീന, ഇവരുടെ രണ്ട് മക്കൾ ഉൾപ്പെടെയാണ് താമസം. ഷെരീഫ് ഞരമ്പ് സംബന്ധമായ രോഗത്തിന് ചികിത്സക്കിടയിൽ ഹൃദയസംബന്ധമായ രോഗവും പിടിപെട്ട് കഴിയുകയാണ്. 65 വയസ്സുള്ള സൈനബ ബീവി ഹൃദ്രോഗിയാണ്. ജുബിന ശ്വാസകോശ സംബന്ധമായ ചികിത്സയിലാണ്.
കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് വെളളക്കെട്ടിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് നിർദേശം നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പരിഹാരമെന്ന നിലയിൽ ഷെരീഫിന്റെ പുരയിടത്തിൽനിന്ന് പൈപ്പുകൾ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടാമെന്ന തീരുമാനവും എടുത്തു. എന്നാൽ, പഞ്ചായത്ത് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഷെമീർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.