ആലപ്പുഴ: ദേശീയപാതക്കായി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാര വിതരണത്തിലെ അപാകത നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ആവശ്യമായ രേഖകൾ സമർപ്പിച്ചവരിൽ ഭൂരിപക്ഷം പേർക്കും ഭൂമിവില ലഭിച്ചിട്ടുണ്ട്. എന്നാൽ, നിർമിതികളുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തിയതിൽ വ്യാപകമായി പരാതികളുണ്ട്. രണ്ടുനില കെട്ടിടത്തിെൻറ ഒരുനിലക്ക് മാത്രമായി നഷ്ടപരിഹാരം നിശ്ചയിച്ചതും പൊളിക്കേണ്ട കെട്ടിടത്തിന്റെ വിസ്തീർണം കുറച്ചുകാണിച്ചതും ഉൾപ്പെടെ പലവിധ പരാതികളാണുള്ളത്.
നഷ്ടപരിഹാരം പൂർണമായും നൽകാതെ കെട്ടിടങ്ങൾ പൊളിക്കാൻ കഴിയില്ല. പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ ഇനിയും 1200ൽ അധികം നിർമിതികളാണ് പൊളിച്ചുമാറ്റാനുള്ളത്. വീടുകൾക്കും കടകൾക്കും ഒപ്പം മതിലുകൾ ഉൾപ്പെടെ നിർമിതികളും ഇതിൽപെടും. ഇവ യഥാസമയം പൊളിച്ചുമാറ്റാത്തതിനാൽ റോഡ് പണി വേഗത്തിലാക്കാൻ കഴിയുന്നില്ല.
നിർമിതികളുടെ മൂല്യനിർണയത്തിലെ അപാകം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, ദേശീയപാത അതോറിറ്റിയുടെ കൺസൽട്ടൻസി, താലൂക്ക്തലത്തിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം, സ്പെഷൽ തഹസിൽദാർ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തുന്നുണ്ട്.
പരിശോധന റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഇതനുസരിച്ച് ഫണ്ട് ലഭ്യമാകുന്നതോടെ ബന്ധപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം അധികൃതർ വ്യക്തമാക്കി. പുറക്കാട് വില്ലേജിലെ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കലക്ടർക്ക് ലഭിച്ചിട്ടുണ്ട്.
മറ്റു വില്ലേജുകളിൽ പരിശോധന പുരോഗമിക്കുകയാണ്. അതിനിടെ പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ വാടകക്കാർക്ക് നഷ്ടപരിഹാരം നൽകാൻ 8,58,50,000 രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു. അടുത്തദിവസം മുതൽ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നഷ്ടപരിഹാരത്തുക വരവുവെക്കും.
1160 വാടകക്കാർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. എല്ലാവർക്കും ഒന്നിച്ച് നഷ്ടപരിഹാരം ലഭിക്കും. കടയുടെ വലുപ്പം അനുസരിച്ച് 50,000 മുതൽ 75,000 രൂപവരെയാണ് നഷ്ടപരിഹാരമായി നൽകുന്നത്. തുറവൂർ മുതൽ ആലപ്പുഴ പറവൂർ വരെയും കായംകുളത്തെ കൊറ്റുകുളങ്ങര-ഓച്ചിറ ഭാഗത്തെയും വാടകക്കാർക്ക് നേരത്തേ നഷ്ടപരിഹാരം കൈമാറിയിരുന്നു.
ദേശീയപാത ആറുവരിയിൽ പുനർനിർമിക്കാനായി പൈലിങ്ങിന് മുന്നോടിയായി ഹരിപ്പാട്ട് മണ്ണുപരിശോധന കരാർ കമ്പനി തുടങ്ങിയിട്ടുണ്ട്. മാധവ ജങ്ഷനിൽ രണ്ടിടത്തായാണ് പരിശോധന.
ആലപ്പുഴ പറവൂരിൽനിന്നാണ് ദേശീയപാതയുടെ രണ്ടാം പാക്കേജിെൻറ നിർമാണ കരാർ ഏറ്റെടുത്ത കമ്പനി മണ്ണുപരിശോധന തുടങ്ങിയത്. കഴിഞ്ഞദിവസമാണ് ഹരിപ്പാട് ഭാഗത്ത് ആരംഭിച്ചത്. നങ്ങ്യാർകുളങ്ങര, ചേപ്പാട്, ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മണ്ണുപരിശോധന തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.