ജനകീയ അടുക്കളക്ക് സ്വന്തം സ്ഥലം വാങ്ങാൻ മുൻമന്ത്രി ടി.എം. തോമസ് ഐസക്
ഉടമക്ക് ചെക്ക് കൈമാറുന്നു
മണ്ണഞ്ചേരി: വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായ ജനകീയ അടുക്കളക്ക് സ്വന്തം സ്ഥലമൊരുങ്ങുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കാവുങ്കൽ പ്രദേശത്ത് 10 സെന്റ് സ്ഥലം കണ്ടെത്തി. സ്ഥലത്തിന്റെ അഡ്വാൻസ് തുകയുടെ ചെക്ക് മുൻമന്ത്രി ടി.എം. തോമസ് ഐസക് വസ്തു ഉടമക്ക് കൈമാറി. തിരുവനന്തപുരം സ്വദേശി മാത്യു ആന്റണി നൽകിയ തുകയാണ് അഡ്വാൻസായി നൽകിയത്.
സ്വന്തമായ സ്ഥലവും കെട്ടിടവും കൂടിയായാൽ വിശപ്പുരഹിത മാരാരിക്കുളം പദ്ധതി കൂടുതൽ നന്നായി നടത്താനാകുമെന്ന് തോമസ് ഐസക് പറഞ്ഞു.
2017 ഡിസംബർ 11നാണ് വിശപ്പുരഹിത മാരാരിക്കുളം പദ്ധതി ആരംഭിച്ചത്. അന്നുമുതൽ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി കണ്ണർകാട് വാടക കെട്ടിടത്തിലെ ജനകീയ അടുക്കളയിലാണ് ഭക്ഷണം തയാറാക്കുന്നത്. പല കാരണങ്ങളാൽ വിശപ്പ് സഹിക്കേണ്ടിവന്ന 400 പേർക്കാണ് ഈ പദ്ധതി വഴി ദിവസവും ഭക്ഷണം നൽകുന്നത്.
മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം വീട്ടിലെത്തിച്ചുകൊടുക്കും. ഇതിനായി നൂറിലേറെ സന്നദ്ധ പ്രവർത്തകരുണ്ട്. സുമനസ്സുകൾ നൽകുന്ന സംഭാവനയിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ജനകീയ അടുക്കളക്ക് വസ്തുവാങ്ങുന്നതും സ്പോൺസർഷിപ്പിലൂടെയാണെന്ന് ഐസക് പറഞ്ഞു.
മൺമറഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരു തുക ജനകീയ അടുക്കളക്ക് സംഭാവനയായി നൽകണമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ അഭ്യർഥിക്കുന്നത്. ആരുടെ പേരിലാണോ സ്പോൺസർഷിപ് നൽകുന്നത് അവരുടെ പേരും ഫോട്ടോയും ജനകീയ അടുക്കളയുടെ ഫലകത്തിൽ ചേർക്കും.
ജനകീയ അടുക്കളക്ക് വസ്തുവാങ്ങുന്നതിന് സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ 9947277992 എന്ന നമ്പറിൽ ബന്ധപ്പെടണം.
സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.വി. രതീഷ്, ജനറൽ കൺവീനർ നൗഷാദ് പുതുവീട്, വി.കെ. ഉല്ലാസ്, ജയൻ തോമസ്, ഡോ. ബിന്ദു അനിൽ, ശ്യാം മോഹൻ, മിനി പ്രദീപ്, സബിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.