ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക് എരുമേലി: കണമല അട്ടിവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ വി. സുബ്ബറെഡ്ഡി, കെ. സുബ്ബരയ്യ, നാഗേശർറാവു, കൊട്ടേശ്വരമ്മ, നരസിംഹാചാരി, നാഗേഷ്, ബസ് ഡ്രൈവർ രംഗറെഡ്ഡി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കണമല, അട്ടിവളവിന് സമീപമാണ് അപകടം ഉണ്ടായത്. എരുമേലിയിൽനിന്ന് പമ്പയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. 36 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാർ ബസിനുള്ളിൽനിന്ന് തീർഥാടകരെ പുറത്തെത്തിച്ചു. സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ബസിൻെറ മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ ഡ്രൈവർ രംഗറെഡ്ഡി, കൊട്ടേശ്വരമ്മ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ കുഴിയിലേക്ക് വീഴാതിരിക്കാൻ എതിർവശത്തെ തിട്ടയിലേക്ക് വാഹനം വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് തീർഥാടകർ പറഞ്ഞു. എരുമേലിയിൽനിന്ന് ഫയർഫോഴ്സ്, പൊലീസ്, വാഹന വകുപ്പ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. ചിത്രം: കണമല അട്ടിവളവിൽ അപകടത്തിൽപ്പെട്ട ശബരിമല തീർഥാടകരുടെ വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.