നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടപടികൾക്കായി കലക്ടർ ഇ. ഇമ്പശേഖരിന്‍റെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിൽ നടന്ന യോഗം
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം അവശേഷിക്കെ മുന്നണികൾക്കും സ്ഥാനാർഥികൾക്കും ചങ്കിടിപ്പേറി. എസ്.ഐ.ആറിലൂടെ വോട്ടർപട്ടിക പരിഷ്‍കരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മുൻവർഷത്തേക്കാൾ വോട്ടുചെയ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും പോളിങ് ശതമാനത്തിൽ വർധനവുണ്ടായത് ഏങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
2021ൽ ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിൽ എട്ടും എൽ.ഡി.എഫിനൊപ്പമായിരുന്നു. ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. അതിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഹരിപ്പാട്, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങൾ ഉറപ്പിക്കുമ്പോൾ അരൂരും കായംകുളത്തും കടുത്ത മത്സരമാണ്. അനുകൂല കാറ്റു വിശീയാൽ എണ്ണത്തിൽ മാറ്റമുണ്ടാകും.
അമ്പലപ്പുഴയിൽ യു.ഡി.എഫ് വോട്ടിനൊപ്പം ജി. സുധാകരൻ നേടുന്ന വ്യക്തിപരമായ വോട്ടുകളും ചേർന്നാൽ ഭൂരിപക്ഷം 20,000 കടക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
ആലപ്പുഴയിൽ എ.ഡി. തോമസിന്‍റെ സ്ഥാനാർഥിത്വം തീരദേശമേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും കുട്ടനാട്ടിൽ സിറ്റിങ് എം.എൽ.എക്കെതിരെയുള്ള ജനവികാരം വോട്ടായി മാറുന്നതോടെ റെജി ചെറിയാൻ വിജയിക്കുമെന്നുമാണ് യു.ഡി.എഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സി.പി.എമ്മിന്‍റെ വിലയിരുത്തലിൽ അഞ്ച് സീറ്റുകൾ ഉറപ്പിക്കുന്നുണ്ട്.
ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ആലപ്പുഴ, ചേർത്തല എന്നിവയാണ് എൽ.ഡി.എഫ് പ്രതീക്ഷ. സി.പി.എം വിട്ട മുൻ മന്ത്രി ജി. സുധാകരൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായതോടെ സംസ്ഥാനത്തെ ശ്രദ്ധനേടിയ അമ്പലപ്പുഴയിലും അരൂരിലും കടുത്ത മത്സരമാണെന്നാണ് കണക്കൂകൂട്ടൽ. ജില്ലയിലെ ഒമ്പത് നിയോജ മകണ്ഡലങ്ങളിൽ ഏഴിടത്തും പോളിങ് കുത്തനെ കൂടിയിരുന്നു. എന്നാൽ, മുൻ തവണത്തേക്കാൾ വോട്ടു ചെയ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും പോളിങ് ശതമാനം ഉയർന്നത് മുന്നണികൾക്കും സ്ഥാനാർഥികൾക്കും ആശങ്കയുണ്ട്. അരൂർ (83.35), ചേർത്തല (82.07), ആലപ്പുഴ (81.29), അമ്പലപ്പുഴ (80.75), കുട്ടനാട് (71.84), ഹരിപ്പാട് (76.83), കായംകുളം (75.71), മാവേലിക്കര (72.62), ചെങ്ങന്നൂർ (71.05) എന്നിങ്ങനെയായിരുന്നു ജില്ലയിലെ പോളിങ്. ഇതിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാലും തീരദേശ മണ്ഡലങ്ങളാണെന്നത് ശ്രദ്ധേയം.
അരൂരിൽ സിറ്റിങ് എം.എൽ.എ ദലീമ ജോജോയും ഷാനിമോൾ ഉസ്മാനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചുവെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസനം തുടർ വിജയത്തിന് തിളക്കം കൂട്ടുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്. ചേർത്തലയിൽ ഒറ്റമശ്ശേരി, അർത്തുങ്കൽ മേഖലയിൽ ന്യുനപക്ഷ വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രസാദിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.
ആലപ്പുഴയിൽ സിറ്റിങ് എം.എൽ.എ പി.പി. ചിത്തരഞ്ജന് വെല്ലുവിളി ഉയർത്തിയാണ് കെ.എസ്.യു ജില്ല പ്രസിഡന്‍റ് കെ.ഡി. തോമസിന്‍റെ മത്സരമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എന്നാൽ, നാല് മണ്ഡലങ്ങളിലെയും തീരദേശത്തെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് എൽ.ഡി.എഫ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.