അമ്പലപ്പുഴ: ബന്ധുക്കൾ ഉപേക്ഷിച്ച രോഗികൾ ഗീതക്ക് സ്വന്തക്കാരാണ്. ഗുരുതരാവസ്ഥയിൽ മരണം മുഖാമുഖം കണ്ട പലർക്കും ഗീത വെളുത്ത കോട്ടിട്ട കാവൽ മാലാഖയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സും മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ ഹരിത ഭവനത്തിൽ ഹരികൃഷ്ണെൻറ ഭാര്യയുമായ ഗീതയാണ് ആശുപത്രിയിലെ ആശ്രിതരില്ലാത്ത രോഗികൾക്ക് സാന്ത്വനത്തിെൻറ കൈത്താങ്ങായി എത്തുന്നത്.
കഴിഞ്ഞ 11 വർഷമായി ഗീത ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്. തുടക്കം ഓർത്തോ വിഭാഗത്തിലായിരുന്നു. അപകടത്തിൽപ്പെട്ട് എത്തുന്നതിൽ പലരെയും തിരിച്ചറിയാറില്ല. ഇവരുടെ ബന്ധുക്കൾ തേടിയെത്തുന്നതുവരെ ഗീതക്ക് ഇവർ ഉറ്റവരെപ്പോലെയാണ്. അവർക്കാവശ്യമായ പരിചരണം ജോലി സമയം കഴിഞ്ഞും നൽകിയിരുന്നു.
സ്വബോധം നഷ്ടപ്പെട്ട് റോഡുകളിൽ വീണ് കിടക്കുമ്പോൾ സുമനസ്സുകൾ ആശുപത്രിയിൽ എത്തിക്കുന്ന രോഗികൾ ഗീതക്ക് പ്രിയപ്പെട്ടവരാണ്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് വേണ്ട സഹായം ചെയ്യുന്നതോടൊപ്പം ഭക്ഷണം എത്തിച്ചുനൽകാനും ഗീത മനസ്സ് കാണിച്ചിരുന്നു. നിരവധി പേർക്കാണ് ഗീതയുടെ കാരുണ്യത്തിെൻറ കരസ്പർശത്തിൽ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്താനായത്.
കഴിഞ്ഞ അഞ്ച് വർഷമായി ഹെഡ് നഴ്സായി ജോലി ചെയ്യുന്ന ഗീതയുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ നന്മമനസ്സുകളുടെ കൂട്ടായ്മ പാലിയേറ്റിവ് കെയർ ദിനത്തിൽ അനുമോദിച്ചു. ആതുരസേവന സന്നദ്ധ കൂട്ടായ്മയായ ഹെൽപ്പിെൻറ നേതൃത്വത്തിലാണ് അനുമോദിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ഹെൽപ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, ഹെഡ് നഴ്സ് ഇ.ജി. ഷീബ, നിസാർ വെള്ളാപ്പള്ളി, രാജേഷ് സഹദേവൻ, വി.എസ്. സാബു, നെജീഫ് അരിശ്ശേരി, നിസാർ കണ്ടത്തിപ്പറമ്പ്, ശ്വിത ഗോപിനാഥ്, സരിത രാജേഷ്, ദേവസ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.