വിനോദസഞ്ചാര വികസനത്തിന് തന്നെ പരിഗണന- കലക്ടർ ഡോ. രേണുരാജ്

ആലപ്പുഴ: വിനോദ സഞ്ചാരമേഖലയുടെ വീണ്ടെടുപ്പിന് ഉൾപ്പെടെ പരിഗണന നൽകി ജില്ലയുടെ വികസനത്തിന് ഉതകുന്ന ഇടപെടൽ മനസ്സിലുണ്ടെന്ന് ജില്ല കലക്ടറായി ചാർജെടുത്ത ഡോ. രേണുരാജ്. ജില്ലയിലെ ടൂറിസം സങ്കേതങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് മറ്റിടങ്ങളുമായി ആരോഗ്യകരമായ മത്സരം ഉണ്ടാകണം. പരമ്പരാഗത സങ്കേതങ്ങളെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി ശ്രദ്ധയിൽ കൊണ്ടുവരണം. പൊതുവെ കോവിഡ് വരുത്തിയ പിന്നാക്കാവസ്ഥയിൽനിന്ന് ഊർജിത ശ്രമങ്ങളിലൂടെ വ്യത്യസ്ത മേഖലകളിൽ തിരിച്ചുവരവ് സാധ്യമാക്കാനാകുമെന്നും രേണുരാജ് പറഞ്ഞു. തീരദേശത്തിന്‍റെ പ്രത്യേകതയും പ്രശ്നങ്ങളും ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അയൽ ജില്ലക്കാരിയെന്ന നിലയിൽ ആലപ്പുഴ അപരിചിതമല്ലെന്നത് ഔദ്യോഗിക രംഗത്ത് നേട്ടമാകുമെന്ന് കരുതുന്നതായും അവർ പറഞ്ഞു.

ജില്ലയുടെ 53-ാമത്തെ കലക്ടറായാണ് ഡോ. രേണുരാജ് ചുമതലയേറ്റത്. രാവിലെ 10.30ന് എത്തിയ പുതിയ കലക്ടറെ എ.ഡി.എം ജെ. മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അച്ഛന്‍ രാജകുമാരന്‍ നായര്‍, അമ്മ വി.എന്‍. ലത, സഹോദരി ഡോ. രമ്യാരാജ് എന്നിവരും ഡോ. രേണുവിനൊപ്പം എത്തിയിരുന്നു. കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ആദ്യം പങ്കെടുത്തത്.

ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 2015 ഐ.എ.എസ് ബാച്ചില്‍പെട്ട ഡോ. രേണു നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിക്കവെയാണ് ആലപ്പുഴ കലക്ടറായി നിയമിക്കപ്പെട്ടത്. നേരത്തേ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്‍റ് സെക്രട്ടറി, തൃശൂര്‍-ദേവികുളം സബ് കലക്ടര്‍, എറണാകുളം അസിസ്റ്റന്റ് കലക്ടർ (ട്രെയിനി) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ചങ്ങനാശ്ശേരി മലകുന്നം സ്വദേശിനിയാണ്.

Tags:    
News Summary - For tourism development itself Consideration- Collector Dr. Renuraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.