1)വി.ഡി. സതീശൻ മുഖ്യമന്ത്രിയായെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഏതാനും പ്രവർത്തകർ ഒത്തുചേർന്ന ആലപ്പുഴ
ഡി.സി.സി ഓഫിസ് 2) വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ ആളൊഴിഞ്ഞ ആലപ്പുഴ പഴവീട് കെ.സി. വേണുഗോപാൽ എം.പിയുടെ രാജീവം വീട്
ആലപ്പുഴ: 10 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടും ആലപ്പുഴയിലെ കോൺഗ്രസ് ക്യാമ്പുകളിൽ നിരാശ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല ഇവരിൽ ആരെങ്കിലും ഒരാൾ മുഖ്യമന്ത്രിയാകുമെന്നാണ് പ്രവർത്തകർ കരുതിയത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്കുശേഷം ആലപ്പുഴക്ക് വീണ്ടും മുഖ്യമന്ത്രി പദമെത്തുന്നുമെന്നായിരുന്നു കെ.സി, ആർ.സി വിഭാഗങ്ങളുടെ പ്രതീക്ഷ.
വ്യാഴാഴ്ച ഉച്ചക്ക് 12ന് ഡൽഹിയിൽനിന്ന് പ്രഖ്യാപനമുണ്ടായി. വി.ഡി. സതീശനാണെന്ന് തിരിച്ചറിഞ്ഞതോടെ കോൺഗ്രസ് ക്യാമ്പ് മൂകമായി. ഡി.സി.സി ഓഫിസിൽ ടി.വി കണ്ടിരുന്നവർപോലും അൽപനേരം സ്തംഭിച്ചു.
അപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പലരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു. എന്നാൽ, വി.ഡി. പക്ഷക്കാർ കുറവായിട്ടും ആലപ്പുഴ കല്ലുപാലത്തിന് സമീപവും വഴിച്ചേരി മാർക്കറ്റിലും ഐ.എൻ.ടി.യു.സി യൂനിയൻ തൊഴിലാളികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
വ്യാഴാഴ്ച ഉച്ചക്കുശേഷം നഗരത്തിലും പരിസരത്തും പ്രകടനമുണ്ടാകുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുപിന്നാലെ കെ.സി. അനൂകൂലിയായ ഒരുനേതാവിന്റെ കമൻറും വന്നു. ‘‘ബിരിയാണി ചെമ്പ് കരിഞ്ഞു’ എന്നായിരുന്നു അത്.
നീണ്ടവർഷത്തെ എൽ.ഡി.എഫ് ഭരണത്തിനുശേഷം കോൺഗ്രസ് മുഖ്യമന്ത്രി അധികാരത്തിലെത്തിയതിന്റെ ആഹ്ലാദവും സന്തോഷവും ഡി.സി.സി ഓഫിസിലും ഇല്ലായിരുന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, സംസ്കാര സാഹിതി ജില്ല ചെയർമാൻ എ. കബീർ, നേതാക്കളായ ജി. സഞ്ജീവ് ഭട്ട്, കെ.എ. സാബു, ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ ഓഫിസിലുണ്ടായിരുന്നു. കെ.സി. മുഖ്യമന്ത്രിയായാൽ ആലപ്പുഴയെ ഉപതെരഞ്ഞെടുപ്പിലേക്ക് തള്ളിവിടേണ്ട സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഏതാനുംദിവസം മുമ്പ് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. അന്ന് അത് നീക്കിയ നേതാക്കളും വലിയ നിശാശ പ്രകടമായിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ പഴവീട് ‘രാജീവം’ വീടും ആളൊഴിഞ്ഞ നിലയിലായിരുന്നു. വീടിന്റെ എതിർവശത്തെ എം.പിയുടെ ഓഫിസിൽ നാമമാത്ര ആളുകൾ മാത്രമാണുണ്ടായിരുന്നത്.
എ.ഐ.സി.സി. നേതൃത്വത്തിന്റെ തീരുമാനം എന്തുതന്നെയായാലും പ്രകടനമോ പ്രതിഷേധമോ പാടില്ലെന്ന് നേരത്തെതന്നെ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശമുണ്ടായിരുന്നു.
ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ആലപ്പുഴ കടുത്ത പ്രതിഷേധത്തിന് വേദിയാകുമായിരുന്നു. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണക്കുന്നവരാണ് ഭൂരിഭാഗംപേരും. രമേശ് ചെന്നിത്തല പക്ഷക്കാരാനായ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദും ഏറെ വൈകിയാണ് ആലപ്പുഴയിലെത്തിയത്. വി.ഡിയുടെ മുഖ്യമന്ത്രി പദത്തിൽ ആഹ്ലാദം പങ്കിടാൻ പോലും അധികമാരുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.