ആലപ്പുഴ: മഴക്കെടുതി ദുരിതങ്ങൾക്കിടെ ജില്ലയിൽ കോവിഡും പടരുന്നു. രോഗികളുടെ എണ്ണം 50 കടന്നു. വ്യാഴാഴ്ച മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 126 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അറിയിച്ചു. രോഗികളുടെ എണ്ണമുയർന്നതോടെ ജാഗ്രത ശക്തമാക്കി. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവർ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം. മറ്റുഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മഴ ദുരിതത്തിനൊപ്പം വീണ്ടും വില്ലനായി കോവിഡ് എത്തിയത് ആരോഗ്യപ്രവർത്തനങ്ങൾ താളംതെറ്റിക്കുമെന്ന ആശങ്കയുണ്ട്. ഏഷ്യൻരാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആശുപത്രിയിൽ ലക്ഷണങ്ങളോടെ എത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടക്കത്തിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ഇതിൽ ഏതെങ്കിലുമാണോ ജില്ലയിൽ പിടിപെട്ടതെന്നാണ് പ്രധാനമായും പരിശോധിക്കുക. ആദ്യ കോവിഡ് തരംഗത്തിലടക്കം ജില്ലയിൽ 5,300 ജീവനുകളാണ് പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.