ചേർത്തല താലൂക്ക് ആശുപത്രി കെട്ടിട നിർമാണം: പോസ്റ്റ്മോർട്ടം അരൂക്കുറ്റിയിലേക്ക് മാറ്റാൻ തീരുമാനം

ചേർത്തല: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ ബഹുനില കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ നടത്തേണ്ട പോസ്റ്റ്മോർട്ടം അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനം.

കെട്ടിടങ്ങൾ പൊളിക്കാനുള്ള ഉത്തരവ് ലഭിച്ച ശേഷമേ മാറ്റം ഉണ്ടാകൂ. നിർമാണം വേഗത്തിൽ തുടങ്ങാൻ നടപടി തുടരുകയാണെന്നും അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടം കെട്ടിടം, ലാബ്, മൂന്ന്, നാല് വാർഡുകൾ, കുടുംബാരോഗ്യ കേന്ദ്രം, ശുചിമുറി കെട്ടിടം എന്നിവയാണ് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണത്തിനായി പൊളിക്കേണ്ടി വരുന്നത്. പോസ്റ്റ്മോർട്ടം അരൂക്കുറ്റിയിലേക്കു മാറ്റും. ഫ്രീസർ മാറ്റാൻ തീരുമാനം ആയിട്ടില്ല. ലാബ് താലൂക്ക് ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ഓഫിസിലേക്കു മാറ്റും. വാർഡുകളും കുടുംബാരോഗ്യ കേന്ദ്രവും നിലവിലെ മറ്റു കെട്ടിടങ്ങളോട് യോജിപ്പിക്കാനുമാണ് തീരുമാനം. രോഗികൾക്ക് അസൗകര്യം ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോട്ടം കെട്ടിടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കാൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ജില്ല മെഡിക്കൽ ഓഫിസ് എന്നിവയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. പുതിയ ഉപകരണങ്ങളും ആവശ്യമായ ഉദ്യോഗസ്ഥരെയും തയാറാക്കിയിട്ടുണ്ട്. ഒരു ഫോറൻസിക് സർജനെയും രണ്ട് നഴ്സിങ് അസിസ്റ്റന്റിനെയും നിയമിച്ചു.

ചേർത്തല താലൂക്കിലെ പ്രധാന പോസ്റ്റ്മോർട്ടം കേന്ദ്രമെന്നത് കൂടാതെ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തുനിന്ന് അരൂക്കുറ്റിയിലേക്കു പോസ്റ്റ്മോട്ടം വരാൻ സാധ്യതയുമുള്ളതിനാൽ അരൂക്കുറ്റിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Construction of Cherthala Taluk Hospital Building: Decision to shift the postmortem to Arukutti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.