ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) രണ്ടാംസീസണിലെ രാജീവ് ഗാന്ധി ട്രോഫിക്കുവേണ്ടിയുള്ള മത്സരവള്ളംകളി ശനിയാഴ്ച പുളിങ്കുന്നാറ്റിൽ നടക്കും. നെഹ്റുട്രോഫിയിൽ തുടക്കമിട്ട സി.ബി.എല്ലിന്റെ മൂന്നാമത്തെ മത്സരമാണിത്. ഉച്ചക്ക് 2.30ന് പതാക ഉയർത്തും. തുടർന്ന് ഗവ. ചീഫ്വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഈവർഷത്തെ സി.ബി.എൽ ആദ്യമത്സരമായ നെഹ്റുട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേൽ ചുണ്ടനാണ് കീരിടം നേടിയത്. കരുവാറ്റയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇവരെ അട്ടിമറിച്ച് കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വിജയിച്ചു. നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, മഹാദേവികാട് കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, പയസ് ടെൻന്ത്, വീയപുരം ചുണ്ടനുകളാണ് മാറ്റുരക്കുന്നത്.
രണ്ട് സി.ബി.എൽ മത്സരങ്ങൾ പിന്നിട്ടപ്പോൾ 19 പോയൻറുമായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ എന്നിവ ഒന്നാം സ്ഥാനം പങ്കിടുന്നു. 16 പോയന്റുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്. 14 പോയന്റുമായി കേരള പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം നാലാംസ്ഥാനത്തുണ്ട്. വേമ്പനാട് ബോട്ട് ക്ലബിന്റെ പായിപ്പാടൻ, യു.ബി.സി കൈനകരിയുടെ കാരിച്ചാൽ, ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻന്ത്,കെ.ബി.സി-എസ്.എഫ്.ബി.സിയുടെ ആയാപറമ്പ് പാണ്ടി, വില്ലേജ് ബോട്ട് ക്ലബിന്റെ ദേവാസ് എന്നിങ്ങനെയാണ് മറ്റ് സ്ഥാനക്കാർ. ഓരോ ലീഗ് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷവും മൂന്നാം സ്ഥാനക്കാർക്കും ഒരുലക്ഷവും അധികമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.