എടത്വ: സ്വകാര്യ ആശുപത്രിയിലെ രാത്രി ജോലി കഴിഞ്ഞ് വരുന്ന മകന് പ്രഭാതഭക്ഷണം ഒരുക്കി കാത്തിരുന്ന മാതാവ് അറിഞ്ഞത് മകന്റെ ദാരുണാന്ത്യം. എടത്വ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവിന്റെ (19) ചേതനയറ്റ ശരീരമാണ് മാതാവ് പ്രീതി എടത്വ സ്വകാര്യ മോർച്ചറിക്ക് മുന്നിൽ കാണുന്നത്. വിദേശത്തെ ജോലിക്കായി ആശുപത്രിയുടെ മുന്‍പരിചയം ആവശ്യമായിരുന്നു. അതിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രെയിനിങ് നടത്തിവരുകയായിരുന്നു.
ഏറെ വൈകിയും മകനെ കാണാത്തതോടെ സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ ചെറിയൊരു അപകടം ഉണ്ടായെന്ന് മാത്രമാണ് മാതാവ് അറിയുന്നത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിലാണെന്ന് അറിഞ്ഞെത്തിയ പ്രീത കാണുന്നത് മകന്റെ ചേതനയറ്റ ശരീരമാണ്. പ്ലസ് ടു കഴിഞ്ഞ രോഹിത് വിദേശത്തു പോകാനുള്ള ട്രയിനിങ്ങിന്റെ ഭാഗമായാണ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ 8.30ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്.എൻ.ഡി.പി കുട്ടനാട് സൗത്ത് യൂനിയൻ ഓഫിസിന് സമീപത്തുണ്ടായ അപകടത്തിലാണ് രോഹിത് മരിച്ചത്. അമ്പലപ്പുഴയിൽനിന്ന് മീൻ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിതാവ് സജീവ് വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.