പഞ്ചായത്തിലെ തോൽവി; അരൂരിലെ സി.പി.എമ്മിൽ മുറുമുറുപ്പ്

അരൂർ: ഗ്രാമ പഞ്ചായത്തിൽ 10 വർഷം നീണ്ട എൽ.ഡി.എഫ് ഭരണം അട്ടിമറിച്ച് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത് അരൂരിലെ സി.പി.എമ്മിൽ സജീവ ചർച്ചയാകുകയാണ്. പാർട്ടി കമ്മിറ്റികളിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും പാർട്ടിപ്രവർത്തകർക്കിടയിൽ തോൽവിയുടെ കാരണങ്ങൾ തേടിയുള്ള ചർച്ചകൾ സജീവമാകുന്നുണ്ട്.

അഭിമാന പദ്ധതിയായ പ്ലാസ്റ്റിക് മാലിന്യസംസ്കരണപദ്ധതി ഫലവത്താകാഞ്ഞതും, മാനവീയം വേദിയുടെ നിർമാണത്തിൽ അഴിമതി ആരോപണം ഉയർന്നതും വികസനത്തിന്റെ നിറം കെടുത്തിയെന്ന വിമർശനമുണ്ട്. അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് സജീവമായി ഇടപെട്ടില്ലെന്ന വിമർശനം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് സി.പി.എം അംഗങ്ങൾ തന്നെ പറയുന്നു.

ആകെയുള്ള ഉയരപ്പാതയുടെ പകുതിയും കടന്നുപോകുന്ന അരൂർ പഞ്ചായത്തിലെ കാനകളുടെ നിർമാണത്തിൽ ശരിയായ നിർദ്ദേശം നൽകാൻ പോലും പഞ്ചായത്തിന് കഴിഞ്ഞില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾക്ക് തന്നെ അഭിപ്രായം ഉണ്ടായതും തോൽവിക്കുള്ള കാരണങ്ങളിൽ പെടും. പ്രസിഡന്റിന്റെ താൻപ്രമാണിത്തം എൽ.ഡി.എഫിൽ തന്നെ പലപ്പോഴും ഉൾപ്പോരിന് ഇടയാക്കിയതും ഭരണ മികവിന്‍റെ നിറം കെടുത്തിയെന്നും വിലയിരുത്തപ്പെടുന്നു. പുതിയ ലോക്കൽ നേതൃത്വം കാര്യപ്രാപ്തിയില്ലാത്തവരാണെന്ന് വരുത്തി തീർക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചിട്ടുണ്ടെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.

സ്ഥാനാർഥി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് മറ്റൊരു വിമർശനം. പ്രസിഡന്‍റാകാൻ സാധ്യതയുള്ള പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ചിലർ മനഃപൂർവം കരുക്കൾ നീക്കിയെന്ന വിമർശനം ഇപ്പോഴും ശക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടിയിൽ ശുദ്ധികലശം നടത്തണമെന്നാവശ്യപ്പെട്ട് സമാന ചിന്താഗതിക്കാരായ സി.പി.എമ്മുകാരുടെ യോഗം കൂടാനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. യോഗതീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിയിലേക്ക് അയക്കുമെന്നും പറയുന്നു.

Tags:    
News Summary - Aroor grama panchayat election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.